ന്യൂഡല്‍ഹി: രാജ്യത്ത് പലഭാഗങ്ങളിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. ഇന്ത്യയുടെ തെക്കന്‍ ഉപദ്വീപിലുണ്ടായ ന്യൂനമര്‍ദത്തിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിയോട് കൂടിയ മഴയും, മിന്നലുമുണ്ടാവുമെന്ന് കാലാവസ്ഥാപ്രവചന കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ തമിഴ്‌നാട്, കേരളം, മാഹി എന്നിവിടങ്ങളുടെ തെക്ക് പശ്ചിമ ഘട്ട മേഖലകളിലും കര്‍ണാടകയുടെ തെക്കന്‍, തീര മേഖലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. മധ്യപ്രദേശിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലകളിലും അയല്‍ പ്രദേശങ്ങളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ സ്വാധീന ഫലമായി മധ്യപ്രദേശിലും, വിദര്‍ഭ, തെലങ്കാന, ചത്തീസ്‌ഗഡ്, തെക്കന്‍ ബംഗാള്‍ മേഖലയിലും, ഒഡിഷയിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു. ജാര്‍ഖണ്ഡില്‍ 24 മണിക്കൂറിനുള്ളിലും മഴയ്‌ക്ക് സാധ്യതയുണ്ട്.
പടിഞ്ഞാറൻ ഹിമാലയൻ പ്രദേശത്ത് ഏപ്രിൽ 14-17 ദിവസങ്ങളിലും, സമീപ സമതലങ്ങളില്‍ ഏപ്രില്‍ 15-17 ദിവസങ്ങളിലും കനത്ത മഴയ്‌ക്കും, ഇടിമിന്നലിനും, മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ജമ്മു, കശ്‌മീര്‍, ലഡാക്, ഖില്‍ജിത് ബാല്‍ടിസ്ഥാന്‍, മുസാഫറാബാദ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഏപ്രില്‍ 14 മുതല്‍ 16 വരെ ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്. ഏപ്രില്‍ 14, 15 ദിവസങ്ങളില്‍ രാജസ്ഥാന്‍റെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലും, പൊടിയോട് കൂടിയ കാറ്റിനും സാധ്യതയുണ്ടന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു.