ബെംഗളൂരു: ആശുപത്രി കിടക്കകള്‍ ലഭിക്കാത്തതിനാല്‍ കര്‍ണാടകയില്‍ നിരവധി കൊവിഡ് രോഗികള്‍ വീടുകളില്‍ വച്ച് മരണപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ആശുപത്രി കിടക്കകളുടെയും ഓക്‌സിജന്‍റേയും ലഭ്യത കുറവും കൊവിഡ് പരിശോധന കൃത്യ സമയത്ത് നടത്താത്തതുമാണ് നിരവധി രോഗികളുടെ ജീവന്‍ നഷ്‌ടപ്പെടാന്‍ കാരണമെന്ന് കൊവിഡ് നടത്തിപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച സാങ്കേതിക ഉപദേശക കമ്മിറ്റി അംഗം ഗിരിധര്‍ റാവു പറഞ്ഞു.
Read more: ബെംഗളുരുവിന് ആശ്വാസം; പ്രതിദിന കൊവിഡ് രോഗികൾ കുറയുന്നു
വീടുകളില്‍ മരണപ്പെടുന്ന കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ആരോഗ്യ വിഭാഗത്തിന്‍റെ ബുള്ളറ്റിനില്‍ ഉള്‍പ്പെട്ടിട്ടില്ല. കൊവിഡ് രോഗികളുള്‍പ്പെടെ 500ലധികം രോഗികളാണ് മതിയായ ചികിത്സ ലഭിക്കാതെ വീടുകളില്‍ മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഒരു മാസത്തിനുള്ളില്‍ 595ലധികം മരണം കര്‍ണാടകയില്‍ സംഭവിച്ചിട്ടുണ്ട്. കൃത്യ സമയത്ത് ആശുപത്രി കിടക്കകള്‍ കിട്ടാതെയും അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സൗകര്യം ലഭിക്കാതെയും നിരവധി പേരാണ് വീടുകളില്‍ വച്ച് മരണപ്പെട്ടത്.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വീടുകളില്‍ ഐസൊലേഷനില്‍ കഴിഞ്ഞ രോഗികളുടെ മരണനിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. മേല്‍നോട്ടം, ചികിത്സ, ഓക്‌സിജന്‍ വിതരണം, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നത് തുടങ്ങിയവയെല്ലാം കൃത്യമായാല്‍ മാത്രമേ കൊവിഡ് മരണ നിരക്ക് കുറക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: കൊവിഡ് സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രഘുറാം രാജന്‍