വിദിഷ : മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം രണ്ടാം ദിനത്തില്‍. ചൊവ്വാഴ്‌ചയാണ് ഏഴ് വയസുകാരൻ 60 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണത്. ബുധനാഴ്‌ച രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനം 21 മണിക്കൂർ പിന്നിട്ടു. വയലിലെ കുരങ്ങുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.
ജില്ലയിലെ ലാറ്റേരി തഹസീലിലാണ് സംഭവം. കുട്ടി ഇപ്പോൾ 43 അടി താഴ്‌ചയിൽ കുടുങ്ങിക്കിടക്കുകയാണ്. കുട്ടിയെ പുറത്തെടുക്കാൻ സമാന്തരമായി 35 അടി താഴ്‌ചയുള്ള കുഴിയെടുത്തിട്ടുണ്ട്.
വിവരം ലഭിച്ചയുടൻ ജില്ല ഭരണകൂടം, പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത സേനാ പ്രവർത്തനം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജില്ല കലക്‌ടർ ഉമ ശങ്കർ ഭാർഗവ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഹർഷൽ ചൗധരി എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികളും രക്ഷാപ്രവർത്തനങ്ങളും വിലയിരുത്തി.
സംഭവം നടന്നതിങ്ങനെ : ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് ഏഴുവയസുകാരൻ ലോകേഷ് കുഴല്‍ക്കിണറില്‍ വീണതെന്ന് സംഭവത്തിന്‍റെ വിശദാംശങ്ങൾ നൽകിക്കൊണ്ട് ജില്ല കലക്‌ടർ ഉമ ശങ്കർ ഭാർഗവ പറഞ്ഞു. ലോകേഷും സഹോദരങ്ങളും പറമ്പിൽ കളിക്കുകയായിരുന്നു. പെട്ടെന്ന് കുരങ്ങുകളുടെ കൂട്ടം തങ്ങൾക്ക് നേരെ ഓടി വരുന്നതുകണ്ട് ലോകേഷും സഹോദരങ്ങളും പേടിക്കുകയും, രക്ഷപ്പെടാനായി ഓടുകയും ചെയ്‌തു. ഇതിനിടെ രണ്ടടി വീതിയും 60 അടി താഴ്‌ചയുമുള്ള കുഴൽക്കിണറിലേക്ക് ലോകേഷ് വീഴുകയായിരുന്നു.
പൈപ്പ് ഉപയോഗിച്ച് കുട്ടിക്ക് ഓക്‌സിജൻ നൽകുന്നുണ്ടെന്നും ഉമ ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവർത്തകർ കുട്ടിയെ നിരീക്ഷിച്ചുവരികയാണ്. കുട്ടിയുടെ ചലനങ്ങൾ ക്യാമറയിലൂടെ തുടർച്ചയായി നിരീക്ഷിച്ച് സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി അഞ്ച് ജെസിബി മെഷീനുകളെങ്കിലും സ്ഥലത്തെത്തിയിട്ടുണ്ട്. പേടിക്കാതിരിക്കാൻ കുട്ടിക്ക് അധികാരികൾ പ്രചോദനം നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ ഏഴുവയസുകാരനായി രക്ഷപ്രവര്‍ത്തനം ഊര്‍ജിതം
കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം : അതേസമയം, മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ കാര്‍ജത്ത് കോപാര്‍ഡിയില്‍ 15 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ സാഗര്‍ ബറേല എന്ന അഞ്ചുവയസുകാരന് ദാരുണാന്ത്യം സംഭവിച്ചത് മാര്‍ച്ച് 13നാണ്. നീണ്ട എട്ടുമണിക്കൂര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. രാജ്യത്ത് കുഴല്‍ക്കിണര്‍ അപകടങ്ങളും മരണങ്ങളും ആവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിരന്തരം അപകടങ്ങൾ ഉണ്ടാകുമ്പോഴും ആളുകളുടെ അശ്രദ്ധ വലിയ ദുരിതങ്ങളാണ് വരുത്തിവയ്ക്കുന്നത്. പല സ്ഥലങ്ങളിലും കുഴല്‍ക്കിണറുകള്‍ മൂടിവയ്‌ക്കാത്തതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരം സംഭവങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തിൽ അപകടം ഒഴിവാക്കാന്‍ സുപീം കോടതി നിര്‍ദേശവും വന്നിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ 10 വര്‍ഷം മുന്‍പ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത്തരത്തില്‍ ആവര്‍ത്തിച്ച് സംഭവങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ പരിഗണിച്ച് 2010 ഫെബ്രുവരി 11നാണ് ഈ മാർഗനിർദേശം പുറപ്പെടുവിച്ചത്. നിർമാണ സമയത്ത് കിണറിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കണം, കിണറിന് മുകളിൽ ബോൾട്ടുകൾ ഉപയോഗിച്ച് സ്റ്റീൽ പ്ലേറ്റ് കവറുകൾ ഘടിപ്പിക്കണം, കുഴൽക്കിണറുകളുടെ തറനിരപ്പ് വരെ മണ്ണ് നിറയ്ക്കണം എന്നിവയായിരുന്നു മാർഗനിർദേശങ്ങൾ.