ന്യൂഡൽഹി: 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് മുന്നോടിയായി അധിക സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വിപുലീകരിക്കണമെന്നും ഫലപ്രദമായ രീതിയിൽ ജനക്കൂട്ടം നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ചെയർമാൻ ആർഎസ് ശർമയും ഉൾപ്പെടെ ഉന്നതതല യോഗം ചേർന്നാണ് നിർണായക തീരുമാനം സംസ്ഥാനങ്ങളെ അറിയിച്ചത്. ആശുപത്രികളിലുള്ള വാക്‌സിൻ സ്റ്റോക്ക് അനുസരിച്ച് രജിസ്റ്റർ ചെയ്‌തവർക്കുള്ളർക്ക് വാക്‌സിനേഷൻ ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി.
സംസ്ഥാന സർക്കാർ നേരിട്ട് വാക്‌സിൻ വാങ്ങുന്നതിനുള്ള തീരുമാനത്തിന് മുൻഗണന നൽകുമെന്നും 18-45 വയസ് പ്രായമുള്ളവർക്ക് 'ഓൺലൈൻ രജിസ്ട്രേഷൻ മാത്രം' എന്ന സൗകര്യം ഏർപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ആശുപത്രികളിൽ ഐസിയു കിടക്കകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ വിപുലീകരിക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊള്ളണമെന്നും നിർദേശിച്ചു. ക്വാറൻ്റൈൻ സൗകര്യം മെച്ചപ്പെടുത്തണമെന്നും മുൻനിര പോരാളികൾക്കുള്ള വേതനം ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അറിയിച്ചു.