ചെന്നൈ: ഇഡി ചോദ്യം ചെയ്യുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ തമിഴ്‌നാട് വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജിയ്‌ക്ക് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് (CABG) ശസ്‌ത്രക്രിയ നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍. സെന്തില്‍ ബാലാജി ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപത്രിയാണ് ഇക്കാര്യം മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചത്. അനസ്‌തേഷ്യ ഉള്‍പ്പടെയുള്ളവയ്‌ക്കായി അദ്ദേഹത്തിന്‍റെ ഫിറ്റ്‌നസ് പരിശോധിച്ചുവരികയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാവും ശസ്‌ത്രക്രിയ തീരുമാനിക്കുകയെന്നും മെഡിക്കൽ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
ആശുപത്രിയുടെ വിശദീകരണം: ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളുണ്ടെന്നറിയിച്ച് സെന്തില്‍ ബാലാജിയെ വ്യാഴാഴ്‌ചയാണ് ചെന്നൈയിലെ അല്‍വാര്‍പേട്ടിലുള്ള കാവേരി മെയിന്‍ ഹോസ്‌പിറ്റലിലേക്ക് റഫര്‍ ചെയ്യുന്നത്. സീനിയര്‍ കണ്‍സള്‍ട്ടന്‍റ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ.എആര്‍ രഘുറാമിന്‍റെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരുടെ സംഘമാണ് നിലവില്‍ അദ്ദേഹത്തെ പരിശോധിച്ച് വരുന്നത്. അദ്ദേഹമാണ് നിലവില്‍ സെന്തില്‍ ബാലാജിക്ക് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് ശസ്‌ത്രക്രിയ നിര്‍ദേശിച്ചിരിക്കുന്നതും. അദ്ദേഹം നിലവില്‍ ഐസിയുവിൽ നിരീക്ഷണത്തിലാണെന്നും ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും ഒരു മൾട്ടി ഡിസിപ്ലിനറി ടീം അദ്ദേഹത്തെ പരിപാലിക്കുകയാണെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

'കാവേരി'യിലേക്ക് എങ്ങനെ: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്‌തുവരുന്നതിനിടെ ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദനയുണ്ടാവുന്നത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്‍റെ അറസ്‌റ്റ് ഇഡി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരാമെന്നും കോടതി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സെന്തില്‍ ബാലാജിയെ ഹൃദയസംബന്ധമായ അസുഖങ്ങളുടെ ഭാഗമായി കാവേരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. എന്നാല്‍ കാവേരി ആശുപത്രിയിലെ ചെലവ് ഇദ്ദേഹം സ്വന്തമായി വഹിക്കണമെന്ന് ജെ.നിഷ ബാനു, ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതിയിലെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ബാലാജിയുടെ അറസ്‌റ്റ്: 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ 14-06-2023 പുലർച്ചെ 3.30 ഓടെ സെന്തില്‍ ബാലാജി നെഞ്ചുവേദനയെ തുടർന്ന് തളർന്നുവീണ് പൊട്ടിക്കരയുന്നതിന്‍റെയും എൻഫോഴ്‌മെന്‍റ് ഉദ്യോഗസ്ഥർ മന്ത്രിയെ ചെന്നൈ ഒമൻഡുരാർ സർക്കാർ ആശുപത്രിയിലെത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ വീടിന് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലൂടെയാണ് ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ മന്ത്രിയുമായി ആശുപത്രിയിലേക്ക് തിരിച്ചത്. കൂടാതെ ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ചെന്നൈ ഒമൻഡുരാർ സർക്കാർ ആശുപത്രിയിലും പരിസരത്തും വലിയ സുരക്ഷയും ഒരുക്കിയിരുന്നു.
സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഡിഎംകെ മന്ത്രിസഭയിലെ പ്രമുഖർ പുലർച്ചെ തന്നെ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, എം.സുബ്രഹ്മണ്യൻ, ഇവി വേലു, ശേഖർ ബാബു എന്നിവരാണ് സെന്തില്‍ ബാലാജിയെ ആശുപത്രിയിലെത്തി കണ്ടത്. സെന്തില്‍ ബാലാജിയെ ശാരീരികമായും മാനസികമായും ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനെ തുടർന്നാണ് കനത്ത നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജി തളർന്ന് വീണതെന്നും മന്ത്രി ശേഖർ ബാബു സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്‌തിരുന്നു.