ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിട്ടപ്പോള്‍ ഇവിഎം മെഷീനിലെ ക്രമക്കേടാണ് കോണ്‍ഗ്രസിന് സീറ്റ് നഷ്‌ടപ്പെടാന്‍ കാരണമെന്ന് ആരോപിച്ച് ദിഗ്‌വിജയ സിങ്. തോല്‍ക്കാന്‍ ഒരു വിധത്തിലും സാധ്യതയില്ലാത്ത സീറ്റുകളില്‍ വരെ ആയിരക്കണക്കിന് വോട്ടുകള്‍ക്ക് തോറ്റു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ നാളെ യോഗം ചേരുന്നുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ പരാജയത്തില്‍ ദിഗ്‌വിജയ സിങ് ഒഴിവ്കഴിവ് നിരത്തുകയാണെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തിന്‍റെ പാര്‍ട്ടി 114 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഇവിഎം മെഷീനുകള്‍ക്ക് ഒരു കുഴപ്പവുമുണ്ടായില്ലേയെന്ന് ശിവരാജ് സിങ് ചൗഹാന്‍ ചോദിച്ചു. അദ്ദേഹം ഒരിക്കലും സത്യം അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി 28 സീറ്റുകളില്‍ 20 സീറ്റുകളും കരസ്ഥമാക്കി. കോണ്‍ഗ്രസ് ആറ് സീറ്റുകളിലും ബിഎസ്‌പി ഒരു സീറ്റിലും ലീഡ് ചെയ്‌തു. കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവായിരന്ന ജോതിരാദിത്യ സിന്ധ്യ മാര്‍ച്ച് 11നാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് 21 എംഎല്‍എമാരും പാര്‍ട്ടി വിട്ടിരുന്നു. സിന്ധ്യ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. ഈ രാജികളും നാലാം തവണയും മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രിയാവാന്‍ ശിവരാജ് സിങ് ചൗഹാന് വഴിയൊരുക്കി.