ലുധിയാന (പഞ്ചാബ്): പഞ്ചാബില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ കൊടിയെറിഞ്ഞു. പഞ്ചാബിലെ ഹല്‍വാരയില്‍ നിന്ന് ലുധിയാനയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുരക്ഷ വീഴ്‌ച നേരിട്ടിരുന്നു.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനാണ് രാഹുൽ ലുധിയാനയിലേക്ക് പോയത്. യാത്രാമധ്യേ കാർ ഹർഷില റിസോർട്ടിന് സമീപം എത്തിയപ്പോൾ രാഹുൽ ഗാന്ധി വാഹനത്തിന്‍റെ ചില്ലുകള്‍ തുറന്ന് ആശംസകള്‍ സ്വീകരിക്കുകയായിരുന്നു. ഇതിനിടെ കാറിന് നേരെ ഒരു യുവാവ് കൊടിയെറിയുകയായിരുന്നു.
സംഭവസമയത്ത് മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ജാഖറാണ് കാർ ഓടിച്ചിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും രാഹുലിന് പിറകില്‍ ഇരിക്കുകയായിരുന്നു. നാഷണൽ സ്റ്റുഡന്‍റ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) പ്രവർത്തകനാണ് കൊടിയെറിഞ്ഞതെന്നാണ് വിവരം.
ജനുവരി അഞ്ചിന് പഞ്ചാബ് സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി സുരക്ഷ വീഴ്‌ച നേരിട്ടത്. പഞ്ചാബിൽ ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെയായി ഏകദേശം 20 മിനിറ്റോളമാണ് പ്രധാനമന്ത്രിയുടെ വാഹനം ഫ്ലൈഓവറില്‍ കുടുങ്ങിക്കിടന്നത്. സുരക്ഷ വീഴ്‌ചയെ തുടർന്ന് പഞ്ചാബിലെ ഫിറോസ്‌പൂരിൽ നടക്കേണ്ടിയിരുന്ന പ്രധാനമന്ത്രിയുടെ റാലി റദ്ദാക്കിയിരുന്നു.
Read more: ജീവൻ തിരികെ തന്നതിന് നന്ദി! പഞ്ചാബ് മുഖ്യമന്ത്രിയെ പരിഹസിച്ചും ക്ഷോഭിച്ചും പ്രധാനമന്ത്രി