ബാരാമുള്ള: വടക്കൻ കശ്‌മിരിലെ ബാരാമുള്ള ജില്ലയിലെ കുട്ട മോഡ് പട്ടനിൽ ഉഗ്രശേഷിയുള്ള (ഐഇഡി) സ്‌ഫോടക വസ്തു കണ്ടെത്തിയതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. ഇതുനിര്‍വീര്യമാക്കുന്നതിനായുള്ള സംഘത്തെ വിളിച്ചിട്ടുണ്ടെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിർത്തിവച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബുധനാഴ്ച പുലർച്ചെ കുൽഗാം ജില്ലയിലെ ഹഡിഗാം മേഖലയിൽ രണ്ട് ഭീകരർ കീഴടങ്ങി. സേനയുമായി ഏറ്റുമുട്ടലുണ്ടായ ഇവിടെ മാതാപിതാക്കളുടെയും സേനയുടെയും അഭ്യർഥന പ്രകാരമാണ് ഇവരുടെ കീഴടങ്ങലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഭീകരരിൽ നിന്നു കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കാശ്‌മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ഞായറാഴ്‌ച ലഷ്‌കർ ഇ ത്വയ്‌ബ കമാന്‍ഡർ താലിബ് ഹുസൈനെയും കൂട്ടാളി ഫൈസര്‍ അഹമ്മദ് ദാറിനെയും റിയാസി ജില്ലയിലെ ടക്‌സന്‍ ഢോക്ക് ഗ്രാമവാസികള്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചിരുന്നു. ഈയിടെ നടന്ന ഐഇഡി സ്ഫോടനത്തിന്‍റെ സൂത്രധാരനാണ് രജൗരി സ്വദേശിയായ താലിബ് ഹുസൈനെന്ന് പൊലീസ് അറിയിച്ചു.
പൗരന്മാരുടെ കൊലപാതകങ്ങളും ഗ്രനേഡ് സ്‌ഫോടനങ്ങള്‍ക്കും പുറമേ രജൗരി ജില്ലയിലെ മൂന്ന് ഐഇഡി സ്‌ഫോടനക്കേസുകളില്‍ താലിബ് ഹുസൈന് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.