ലുധിയാന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്ന പാതയില്‍ വൻ സുരക്ഷ വീഴ്ച. പഞ്ചാബിലാണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം 20 മിനിട്ടോളം ഫ്ലൈഓവറില്‍ കുടുങ്ങി.
ഫ്ലൈഓവറില്‍ പ്രതിഷേധക്കാർ സംഘടിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. പഞ്ചാബിലെ ഹുസൈനിവാലയിലെ ദേശീയ രക്ഷസാക്ഷി സ്മാരകം സന്ദർശിക്കാൻ പോകുന്നതിനിടെയാണ് സംഭവം.
മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ യാത്ര ഒഴിവാക്കി റോഡ് യാത്ര തെരഞ്ഞെടുക്കുകയായിരുന്നു.
യാത്ര പഞ്ചാബ് സർക്കാരിനെ അറിയിച്ചിരുന്നുവെന്നും ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തെ കുറിച്ച് വിശദീകരിച്ചു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ആഭ്യന്തര മന്ത്രാലയം സുരക്ഷാ വീഴ്ചയില്‍ പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി. ഒടുവില്‍ പ്രധാനമന്ത്രി രക്തസാക്ഷി സ്മാരകം സന്ദർശിക്കാതെ ബതിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങി.