മംഗളൂരു: ഉഡുപ്പിയില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ല ഭരണകൂടം. ഫെബ്രുവരി 14 മുതല്‍ 19 വരെയാണ് ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജാബ്-കാവി ഷാള്‍ വിവാദത്തിന് പിന്നാലെ അടച്ചിട്ട സ്‌കൂളുകള്‍ തിങ്കളാഴ്‌ച മുതല്‍ വീണ്ടും തുറക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഫെബ്രുവരി 14 രാവിലെ 6 മുതൽ ഫെബ്രുവരി 19 വൈകുന്നേരം 6 വരെയാണ് നിരോധനാജ്ഞ. എല്ലാ ഹൈസ്‌കൂളുകളുടെയും 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് ജില്ല പൊലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി കമ്മിഷണർ എം കുർമ റാവുവിനോട് അഭ്യര്‍ഥിച്ചിരുന്നു.
സ്‌കൂള്‍ പരിസരങ്ങളില്‍ പ്രതിഷേധങ്ങളും റാലികളും നിരോധിച്ചിട്ടുണ്ട്. അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് അനുവദനീയമല്ല. പ്രകോപനപരമായ മുദ്രാവാക്യങ്ങളും പാട്ടുകളും പ്രസംഗങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്.