റായഗഡ (ഒഡീഷ): റഷ്യന്‍ പ്രവിശ്യ നിയമനിര്‍മാണ സഭാംഗത്തെ ഒഡീഷയിലെ റായഗഡ ജില്ലയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയില്‍ 65-ാം ജന്മദിനം ആഘോഷിക്കാന്‍ വന്ന പ്രമുഖ ബിസിനസുകാരന്‍ കൂടിയായ പാവല്‍ അന്‍റോവിനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്ന് വീണാണ് ഇദ്ദേഹം മരിച്ചത്.
ഇതേ ഹോട്ടലില്‍ കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പാവല്‍ അന്‍റോവിന്‍റെ ടൂറിസ്റ്റ് സംഘത്തില്‍ തന്നെയുള്ള മറ്റൊരു റഷ്യന്‍ പൗരന്‍ മരണപ്പെട്ടിരുന്നു. ഞായറാഴ്‌ചയാണ് പാവലിന്‍റെ മൃതദേഹം കണ്ടത്. പാവലിന്‍റെ കുടുംബത്തിന്‍റെ സമ്മതത്തോടെ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം സംസ്‌കരിച്ചെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ്‌പി വിവേകാനന്ദ ശര്‍മ വ്യക്തമാക്കി.
റഷ്യയുടെ പ്രവിശ്യകളില്‍ ഒന്നായ വ്ളാഡിമിറിലെ നിയമനിര്‍മാണ സഭാംഗമാണ് പാവല്‍ അന്‍റോവ്. റഷ്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയും പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ പിന്തുണയ്‌ക്കുന്ന യുണൈറ്റഡ് റഷ്യ പാര്‍ട്ടി അംഗമാണ് പാവല്‍ അന്‍റോവ്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇതേ ഹോട്ടലില്‍ വ്‌ളാഡിമിര്‍ ബുഡനോവ് (61)എന്ന റഷ്യന്‍ പൗരനാണ് മരണപ്പെട്ടത്.
പാവല്‍ അന്‍റോവും വ്ലാഡിമിര്‍ ബുഡനോവും അടങ്ങുന്ന നാലംഗസംഘം ഡിസംബര്‍ 21നാണ് റായഗഡിലെ സായി ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുന്നത്. ഡിസംബര്‍ 22ന് രാവിലെയാണ് വ്ളാഡിമിര്‍ ബുഡനോവ്(61) മരണപ്പെടുന്നത്. ഹൃദയാഘാതം മൂലമാണ് വ്ളാഡിമിര്‍ മരണപ്പെട്ടത് എന്നാണ് പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്.
വ്ളാഡിമിറിന്‍റെ മരണത്തിന് ശേഷം പാവല്‍ അന്‍റോവ് വളരെ വിഷാദത്തിലാണ് കാണപ്പെട്ടതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. പാവല്‍ ഹോട്ടലിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ റഷ്യന്‍ കോണ്‍സുലേറ്റിന്‍റെ സഹകരണത്തോടെയാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.