ന്യൂഡല്‍ഹി : തന്‍റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക. ബുള്ളിബായ്.ഗിത്തുഹബ്.ഐഒ (bullibai.github.io) എന്ന ആപ്പ് വഴിയാണ് അശ്ലീല ചുവയോടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആപ്പില്‍ മുസ്ലീം സ്ത്രീകളുടെ പ്രൊഫൈല്‍ കണ്ടെത്താനായി ബുള്ളി എന്ന പേരില്‍ പ്രത്യേകം സംവിധാനമുണ്ട്.
ആപ്പ് തുറക്കുന്നയാള്‍ക്ക് 'ബുള്ളി ഓഫ് ദ ഡേ' എന്ന് കാണിച്ച് സ്ത്രീകളുടെ ഫ്രൊഫൈലുകള്‍ ലഭിക്കും എന്നാണ് വാഗ്‌ദാനം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്ന സ്ത്രീകളുടെ ഫോട്ടാകളാണ് പ്രധാനമായും ഇത്തരം ആപ്പുകളില്‍ പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. പരാതി ഡല്‍ഹി പൊലീസിന് കൈമാറിയതായും ഇതിന്‍റെ ചിത്രം പങ്കുവയ്ക്കുന്നതായും കാണിച്ച് യുവതി ട്വീറ്റ് ചെയ്തു.
നേരത്തെയും ഈ വിഷയത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഡല്‍ഹി സി ആര്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിരിക്കുന്നത്. തന്‍റെ മോര്‍ഫ് ചെയ്ത പടം ആപ്പില്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍ ഞെട്ടിയെന്നും ഉടന്‍ നടപടി വേണമെന്നും കാണിച്ച് സ്ക്രീന്‍ഷോട്ട് അടക്കം ഇവര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവതിക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്.
വിഷയത്തില്‍ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് അവര്‍ അറിയിച്ചിരുന്നു. അതിനിടെ പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. സൈബര്‍ സെല്‍ പരാതിയില്‍ നടപടി ആരംഭിച്ചതായും സേന അറിയിച്ചു.
അതേസമയം 'സുള്ളി ഡീല്‍സ്' എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാഷണല്‍ സൈബര്‍ ക്രൈം വിഭാഗം ആന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് പിആര്‍ഒ ചിന്‍മയ് ബിശ്വാല്‍ പറഞ്ഞു.
വലതുപക്ഷ ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്ലിം സ്ത്രീകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'. 'സുള്ളി ഓഫ് ദ ഡേ' എന്ന പ്രയോഗത്തില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി നേരത്തെ ഉത്തര്‍ പ്രദേശിലും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ നടപടി ഉണ്ടായിരുന്നില്ല.