ഹൈദരാബാദ്: ഇന്ത്യ, ബംഗ്ലാദേശ്, ലാവോസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഏപ്രിലിൽ ഉയർന്ന ഉഷ്‌ണതരംഗം സൃഷ്‌ടിക്കാൻ പ്രേരകമായി മാറിയത് ദ്രുതഗതിയിലുള്ള മനുഷ്യനിർമിത കാലാവസ്ഥ വ്യതിയാനമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ ശാസ്‌ത്രജ്ഞർ. വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിന്‍റെ ഭാഗമായി പ്രമുഖ കാലാവസ്ഥ ശാസ്‌ത്രജ്ഞരുടെ അന്താരാഷ്‌ട്ര ടീമാണ് മുന്നറിയിപ്പ് നൽകിയത്. ലോകത്തെ ഹീറ്റ്‌വേവ് ഹോട്ട്‌സ്‌പോട്ടുകളിൽ പ്രധാനപ്പെട്ട ഈ മേഖലകളിൽ ഉയർന്ന അപകടസാധ്യത ആഘാതങ്ങളെ വേഗത്തിലാക്കിയതായി കണ്ടെത്തലുകൾ പറയുന്നു.
ഇന്ത്യ, തായ്‌ലൻഡ്, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, കെനിയ, നെതർലാൻഡ്‌സ്, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ സർവകലാശാലകളിൽ നിന്നും കാലാവസ്ഥ ഏജൻസികളിൽ നിന്നുമുള്ള വേൾഡ് വെതർ ആട്രിബ്യൂഷൻ സംരംഭത്തിന്‍റെ ഭാഗമായി 22 ഗവേഷകരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏപ്രിലിൽ തെക്ക്, തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങൾ തീവ്രമായ ഉഷ്‌ണതരംഗത്തിന് കീഴിലായിരുന്നു.
ലാവോസിൽ 42 ഡിഗ്രി സെൽഷ്യസും തായ്‌ലൻഡിൽ 45 ഡിഗ്രി സെൽഷ്യസുമായി റെക്കോഡ് ബ്രേക്കിങ് താപനിലയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വ്യതിയാനം താപ തരംഗങ്ങളെ കൂടുതൽ സാധാരണവും ദീർഘവുമാക്കി മാറ്റി. ചൂട് തരംഗങ്ങൾക്കപ്പുറം ചൂട് വ്യാപകമായി ആശുപത്രി വാസത്തിനും റോഡുകളുടെ കേടുപാടുകൾക്കും തീപിടിത്തത്തിനും സ്‌കൂൾ അടച്ചുപൂട്ടലിനും കാരണമായി. ചൂട് തരംഗവുമായി ബന്ധപ്പെട്ട് സംഭവിച്ച മരണങ്ങൾ നിരവധിയാണ്.
1800-കളുടെ അവസാനം മുതൽ ഏകദേശം 1.2 ഡിഗ്രി സെല്‍ഷ്യസ് ആഗോളതാപനത്തിനുശേഷം പിയർ റിവ്യൂ ചെയ്‌ത രീതികൾ പിന്തുടർന്ന് ഏഷ്യൻ ഹീറ്റ്‌വേവിൽ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതം വിശകലനം ചെയ്യുന്നതിനും കണക്കാക്കുന്നതിനും ശാസ്‌ത്രജ്ഞർ കാലാവസ്ഥ ഡാറ്റയും കമ്പ്യൂട്ടർ മോഡൽ സിമുലേഷനുകളും ചേർത്ത് ഇന്നത്തെ കാലാവസ്ഥയെ താരതമ്യം ചെയ്‌തു. രണ്ട് പ്രദേശങ്ങളിലായി ഏപ്രിൽ മാസത്തിൽ തുടർച്ചയായി നാല് ദിവസത്തേക്ക് പരമാവധി താപനിലയും പരമാവധി താപ സൂചികയും പരിശോധിച്ചു. ഒന്നാമത്തേത് തെക്ക്-കിഴക്കൻ ഇന്ത്യ, ബംഗ്ലാദേശ് എന്നിവ ഉൾക്കൊള്ളുന്നു. രണ്ടാമത്തേത് തായ്‌ലൻഡും ലാവോസും ഉൾപ്പെടെയുള്ള പ്രദേശങ്ങളും ആയിരുന്നു.
താപനിലയും ഈർപ്പവും സംയോജിപ്പിച്ച് മനുഷ്യ ശരീരത്തിലെ താപ തരംഗങ്ങളുടെ ആഘാതങ്ങളെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു അളവുകോലാണ് ഹീറ്റ് ഇൻഡക്‌സ്. രണ്ട് പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാനം കുറഞ്ഞത് 30 മടങ്ങ് കൂടുതൽ ഈർപ്പമുള്ള താപ തരംഗത്തിന് സാധ്യതയുണ്ടാക്കുന്നു എന്ന് ഗവേഷകർ കണ്ടെത്തി. ഇത് കാലാവസ്ഥ വ്യതിയാനം ഇല്ലാതിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നതിനേക്കാൾ 2 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതലായിരുന്നു.
മൊത്തത്തിലുള്ള ഹരിതഗൃഹ വാതക ബഹിർഗമനം നിർത്തുന്നത് വരെ ആഗോള താപനില വർധിച്ചുകൊണ്ടേയിരിക്കും. ഇതുപോലുള്ള സംഭവങ്ങൾ തുടർച്ചയായും ഇടയ്‌ക്കിടെയും തീവ്രമായി മാറും. ബംഗ്ലാദേശിലും ഇന്ത്യയിലും അടുത്തിടെ ഈർപ്പമുള്ള ചൂട് പോലുള്ള സംഭവങ്ങൾ ഒരു നൂറ്റാണ്ടിൽ താഴെ മാത്രമേ സംഭവിക്കാറുള്ളൂ. എന്നാൽ അവ ഇപ്പോൾ അഞ്ച് വർഷത്തിലൊരിക്കൽ പ്രതീക്ഷിക്കാം. താപനില 2 ഡിഗ്രി സെൽഷ്യസിൽ എത്തിയാൽ, ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് കുറക്കാൻ സാധിച്ചില്ലെങ്കിൽ കാലാവസ്ഥയും ലോകത്തിന്‍റെ ഭാവിയും അതിരൂക്ഷമായ സാഹചര്യത്തിലേക്ക് മാറും.
ഇത്തരം അസാധാരണ കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഉയർന്ന താപനില തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിൽ സാധാരണമാണെങ്കിലും, ഇത് പോലുള്ള ആദ്യകാല ഉഷ്‌ണതരംഗങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചൂടുമായി ഏറ്റവുമധികം സമ്പർക്കം പുലർത്തുന്ന ആളുകളും ദുർബലരായ ജനങ്ങൾക്കും പതിവായി ഇത് മോശമായി ബാധിക്കപ്പെടുന്നു. നിലവിലുള്ള അവസ്ഥ കണക്കിലെടുത്ത് ഹീറ്റ് വേവ് സൊല്യൂഷനുകളുടെ നിലവിലെ പാച്ച് വർക്ക് മെച്ചപ്പെടുത്തണം. ഹീറ്റ് ആക്ഷൻ പ്ലാനുകൾ നിർമിക്കുന്നത് സമഗ്രമായിരിക്കണം, കൂടാതെ അടിസ്ഥാന സേവനങ്ങളായ വെള്ളം, വൈദ്യുതി, ആരോഗ്യ സംരക്ഷണം എന്നിവ എല്ലാവർക്കും ഉറപ്പാക്കണമെന്നും ശാസ്‌ത്രഞ്ജർ പറഞ്ഞു.