കാരയ്‌ക്കൽ (പുതുച്ചേരി): പഠനത്തിൽ മകളേക്കാൾ മികവ് കാണിച്ചതിന് മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. പുതുച്ചേരി കാരയ്‌ക്കൽ സ്വദേശികളായ രാജേന്ദ്രൻ-മാലതി ദമ്പതികളുടെ മകൻ ബാല മണികണ്‌ഠൻ ആണ് വിഷബാധയേറ്റ് മരിച്ചത്. കാരയ്‌ക്കലിലെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബാല മണികണ്‌ഠൻ.
സ്‌കൂൾ വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ പരിശീലനത്തിനായാണ് ബാല രാവിലെ സ്‌കൂളിലേക്ക് പോയത്. ഉച്ചയോടെ വീട്ടിൽ തിരികെയെത്തിയ കുട്ടി തുടർച്ചയായി ഛർദ്ദിക്കാൻ തുടങ്ങി. സ്‌കൂൾ വാച്ച്മാൻ ശീതളപാനീയം നൽകിയെന്നും അത് കുടിച്ചത് മുതൽ ഛർദ്ദിക്കുന്നുണ്ടെന്നും ബാല മാതാപിതാക്കളോട് പറഞ്ഞു.
ഉടൻ തന്നെ കാരയ്‌ക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്‌ച രാത്രിയോടെ കുട്ടി മരിച്ചു. ശീതള പാനീയത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ മാതാപിതാക്കൾ കൊടുത്തുവിട്ട പാനീയമാണ് കുട്ടിക്ക് നൽകിയതെന്ന് സ്‌കൂൾ അധികൃതർ മറുപടി നൽകി. എന്നാൽ ബാലയ്ക്ക് പാനീയങ്ങളൊന്നും കൊടുത്തുവിട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.
തുടർന്ന് വാച്ച്മാൻ ദേവദാസിനോട് അന്വേഷിച്ചപ്പോൾ കുട്ടിയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ടയാളാണ് പാനീയം നൽകിയതെന്ന് വെളിപ്പെടുത്തി. വാച്ച്മാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പാനീയം നൽകിയത് സകായ റാണി വിക്‌ടോറിയ എന്ന സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞത്. ബാല മണികണ്‌ഠന്‍റെ സഹപാഠിയാണ് വിക്‌ടോറിയയുടെ മകൾ.
ക്ലാസിൽ ഒന്നാമനായ ബാല മണികണ്‌ഠനോടുള്ള അസൂയ കാരണം രണ്ടാം സ്ഥാനക്കാരിയായ സഹപാഠിയുടെ അമ്മയായ വിക്‌ടോറിയ ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വിക്‌ടോറിയയെ കാരയ്‌ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also read: സ്വത്ത് തര്‍ക്കം ; തൃശൂരില്‍ വിഷം നല്‍കി അമ്മയെ കൊന്ന മകള്‍ പിടിയില്‍