ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഉടമസ്ഥതയിലുള്ള 'സാക്ഷി' പത്രത്തിന്‍റെ വില്‍പ്പന മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്‌ത് പ്രമുഖ തെലുഗു ദിനപത്രമായ ഈനാടിന്‍റെ പ്രസാധകരായ ഉഷോദയ പബ്ലിക്കേഷന്‍സ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‍റേതാണ് തീരുമാനം. അതേസമയം സുപ്രീംകോടതിയില്‍ നിന്നുള്ള ഹര്‍ജി മാറ്റം ആന്ധ്രപ്രദേശിനെ ബാധിക്കുമെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ പെരുമാറ്റത്തെ കുറിച്ച് യാതൊരു വിധ അഭിപ്രായവും ഉന്നയിക്കില്ലെന്ന് ബെഞ്ച് പറഞ്ഞു. ഇത് രണ്ട് പത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ലെന്നും രണ്ട് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും കോടതി നിരീക്ഷിച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് വിഷയം ഏറ്റെടുക്കാൻ ഞങ്ങൾ അഭ്യർഥിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ട ഹര്‍ജിയില്‍ സമയപരിധി അവസാനിച്ച സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസിൽ അന്തിമ അന്വേഷണം നടത്താൻ സിജെഐ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഡൽഹി ഹൈക്കോടതിയോട് നിർദേശിച്ചു.
സാക്ഷി പത്രത്തിന് സാമ്പത്തിക സഹായമായി സംസ്ഥാന ഫണ്ടില്‍ നിന്ന് പ്രതിമാസം ഒരു നിശ്ചിത തുക അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍റെ ഈ ഉത്തരവ് ചോദ്യം ചെയ്‌ത് ഉഷോദയ പബ്ലിക്കേഷന്‍സ് ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ ദിനപത്രത്തിന് കൂടുതല്‍ സഹായം ലഭ്യമാകുന്നുവെന്നും എന്നാല്‍ ഇതില്‍ നിന്ന് തങ്ങളെ തഴഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈനാട് കോടതിയെ സമീപിച്ചത്.
സമകാലിക വിവരങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും വാര്‍ഡ് തലത്തിലുള്ള വോളന്‍റിയര്‍മാര്‍ക്കും ഗ്രാമതലത്തിലുള്ളവര്‍ക്കും കൂടുതല്‍ അവബോധം വളര്‍ത്താന്‍ വേണ്ടി ഓരോ വോളന്‍റിയര്‍മാര്‍ക്കും പത്രം വാങ്ങാന്‍ 200 രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ വിവേചനമുണ്ടെന്നും ഈനാട് ആരോപിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ തുക അനുവദിക്കുകയാണെങ്കില്‍ സാക്ഷി ദിനപത്രത്തിന് അത് ഏറെ ഗുണകരമാകുമെന്നും ഈനാടിനെ ഒഴിവാക്കപ്പെടാന്‍ കാരണമാകുകയും ചെയ്യുമെന്ന് ഈനാടിന്‍റെ പ്രസാദകരായ ഉഷോദയ പബ്ലിക്കേഷന്‍സ് പറഞ്ഞു.
എന്നാല്‍ ഉഷോദയ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ആന്ധ്രപ്രദേശ് കോടതി വിസമ്മതിച്ചു. ഇതേ തുടര്‍ന്നാണ് ഉഷോദയ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റുമെന്ന് വ്യക്തമാക്കിയത്.
also read: അതിഖ് - അഷ്‌റഫ് വധക്കേസിലെ പ്രതിയുടെ കുടുംബം നാടുവിട്ടു; ആളില്ലാത്ത വീടിനുമുന്‍പില്‍ പൊലീസ് കാവല്‍