ന്യൂഡല്‍ഹി: രാജ്യത്തെ അംഗണവാടികള്‍ കൊവിഡ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതായി തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാൻ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്‌റ്റിസ് അശോഖ് ഭൂഷൻ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പോഷകാഹാരങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. ഇത് എത്രത്തോളം നടപ്പിലായെന്ന് പരിശോധിക്കാൻ കൂടിയാണ് കോടതിയുടെ നടപടി. മഹാരാഷ്‌ട്ര സ്വദേശി ദീപിക ജഗത്രം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അംഗണവാടികള്‍ പൂട്ടിയതോടെ നിരവധി കുട്ടികള്‍ പട്ടിണിയിലാണെന്നും ജീവനക്കാര്‍ വൻ പ്രതിസന്ധിയിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ ഭക്ഷണവും വിദ്യാഭ്യാസവും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള മുതിര്‍ന്ന അഭിഭാഷകൻ കോളിൻ ഗോണ്‍സാല്‍വസിന്‍റെ ഹര്‍ജിയും കോടതി പരിഗണിച്ചു.