ന്യൂഡൽഹി: കൊളോണിയൽ കാലത്തെ രാജ്യദ്രോഹ ശിക്ഷ നിയമം പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. രാജ്യദ്രോഹ കുറ്റത്തിന്‍റെ (124എ വകുപ്പ്) ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസർക്കാരിന്‍റെ സുപ്രധാന നിലപാടുമാറ്റം.
നിലവിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളെക്കുറിച്ചും, ഭാവിയിലെ കേസുകൾ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചും കൃത്യമായ വിവരം സമർപ്പിക്കണമെന്ന് ബെഞ്ച് കേന്ദ്രത്തോട് അറിയിച്ചു. സർക്കാരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച് ബുധനാഴ്‌ച ബെഞ്ചിനെ അറിയിക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.
കൊളോണിയൽ ഭാഷകൾ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നതാണ് പുതിയ തീരുമാനമെന്നാണ് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കുന്നത്. വകുപ്പിന്‍റെ ഭരണഘടനാസാധുത കോടതി പരിശോധിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്.
നേരത്തെ രാജ്യദ്രോഹ കുറ്റത്തിന്‍റെ ഭരണഘടനാ സാധുത പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുന്നതാണെന്നും ഇതു ശരിവച്ച അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നുമാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.