ന്യൂഡല്‍ഹി: ഡല്‍ഹി അക്രമവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ സിം കാർഡ് വിൽപ്പനക്കാരനായ ഫൈസൻ ഖാന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഡല്‍ഹി പൊലീസിന്‍റെ ഹര്‍ജി തള്ളിയത്.
ഐഡന്‍റിറ്റി സ്ഥിരീകരിക്കാതെ മൊബൈൽ ഫോൺ സിം വിതരണം ചെയ്തു എന്നതാണ് ഫൈസൻ ഖാനെതിരായ ആരോപണം. ഗോൾഡൻ കമ്മ്യൂണിക്കേഷൻ എന്ന സ്റ്റോറിൽ അംഗീകൃത എയർടെൽ പ്രതിനിധിയായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം സിം കാർഡ് നല്‍കിയത്. ചോദ്യം ചെയ്യലിൽ, ആസിഫ് ഇക്ബാൽ തൻഹ കട സന്ദർശിച്ചതായും വ്യാജ ഐഡിയിൽ സിം കാർഡ് ആവശ്യപ്പെട്ടതായും ഖാൻ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 24 നും 26 നും ഇടയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തിൽ 53 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.