ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളുടെ എല്ലാ ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. സിബിഐ, എൻഐഎ, മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ, റവന്യൂ ഇന്‍റലിജൻസ്, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് എന്നിവയുടെ പേര് എടുത്തുപറഞ്ഞാണ് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്.
സിബിഐ, ഇഡി, തുടങ്ങിയ അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നും ഏതെങ്കിലും മനുഷ്യാവകാശ ലംഘനമുണ്ടായാൽ, ചോദ്യം ചെയ്യലിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കാൻ ഇരകൾക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്‌റ്റിസ് രോഹിന്തൻ ഫാലി നരിമാന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചിരിക്കുന്നത്. ജസ്‌റ്റിസുമായ കെ.എം ജോസഫ്, അനിരുദ്ധ ബോസ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. പരമോവീർ സിങ് സെയ്‌നി എന്നയാള്‍ സമര്‍പ്പിച്ച സ്‌പെഷ്യൽ ലീവ് പെറ്റീഷനില്‍ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇത് മൗലികാവകാശത്തിന്‍റെ ഭാഗമാണെന്നും എത്രയും വേഗം ഉത്തരവ് നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് പ്രത്യേക പദ്ധതി തയാറാക്കി സത്യവാങ്മൂലം നല്‍കണമെന്ന് കേന്ദ്ര - സംസ്ഥാന പ്രിൻസിപ്പല്‍ സെക്രട്ടറിമാര്‍, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരോട് കോടതി ആവശ്യപ്പെട്ടു. ആറ് ആഴ്‌ചയാണ് സമയം അനുവദിച്ചിരിക്കുന്നത്.