ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ (Delhi Liquor Policy Case) ആം ആദ്‌മി പാര്‍ട്ടിയെ പ്രതിചേര്‍ക്കാന്‍ ആവശ്യപ്പെട്ടതില്‍ വ്യക്തത വരുത്തി സുപ്രീം കോടതി (Supreme Court of India). പാര്‍ട്ടിയെ പ്രതിയാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനോട് (Enforcement Directorate)ചോദിച്ച ചോദ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രതിക്കൂട്ടിലാക്കാനല്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. അത് ഒരു നിയമപരമായ ചോദ്യം മാത്രമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി (SC Clarified Question on AAP- Court Doesnt Want To Implicate Anyone).
സിബിഐയും ഇഡിയും അന്വേഷിക്കുന്ന കേസുകളിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്‌ത് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ (Manish Sisodia) സമർപ്പിച്ച രണ്ട് ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍. കോടതിയുടെ പരാമർശത്തിന് പിന്നാലെ ആം ആദ്‌മി പാര്‍ട്ടിയുടെ പേര് പരാമർശിച്ച് കുറ്റം ചുമത്തുന്നതിൽ ഇഡി നിയമോപദേശം തേടിയിരുന്നു.
ഈ വിഷയത്തില്‍ ഇന്ന് നടന്ന വാദത്തിനിടെ കഴിഞ്ഞ ദിവസത്തെ കോടതിയുടെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി മനീഷ് സിസോദിയയെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി (Abhishek Manu Singhvi) പറഞ്ഞു. എന്തുകൊണ്ടാണ് പാർട്ടിയെ പ്രതിയാക്കാത്തത് എന്ന കോടതിയുടെ ചോദ്യം പാർട്ടിയെ പ്രതിയാക്കാൻ കോടതി ആഗ്രഹിക്കുന്നതായി ചിത്രീകരിക്കപ്പെട്ടെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി.
എന്നാൽ ഇതിനോട് പ്രതികരിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവടരടങ്ങുന്ന ബെഞ്ച് തങ്ങളുടെ ചോദ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രതിക്കൂട്ടിലാക്കാനല്ലെന്ന് വക്തമാക്കി. "ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നു, ഞങ്ങൾക്ക് ഉത്തരങ്ങൾ വേണം, കാരണം അദ്ദേഹം ചാർട്ട് കാണിക്കുമ്പോൾ ഒരു പേരുണ്ടായിരുന്നു. മറ്റൊരു കാര്യം, ഞങ്ങളെ മാധ്യമങ്ങൾ സ്വാധീനിക്കുന്നില്ല"- ജസ്റ്റിസ് ഖന്ന പറഞ്ഞു.
ഇന്നലെ സുപ്രീം കോടതി ചോദിച്ചത് : ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവ് ആം ആദ്‌മി പാര്‍ട്ടിയാണെന്നാണ് ഇഡി ഉന്നയിക്കുന്ന പ്രധാന വാദം. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി കള്ളപ്പണ ഇടപാടിന്‍റെ ഗുണഭോക്താവ് ആണെങ്കില്‍ എന്തുകൊണ്ട് അവരെ കേസില്‍ പ്രതി ചേര്‍ക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇഡിയോട് ആരാഞ്ഞത്. ‘‘കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അനുസരിച്ച് ഡൽഹി മദ്യനയ അഴിമതിയുടെ ഗുണം ഒരു രാഷ്ട്രീയ പാർട്ടിയിലേക്കെത്തിയെന്നാണ് പറയുന്നത്.
എന്നാൽ, ഈ രാഷ്ട്രീയ പാർട്ടിക്കെതിരെ കുറ്റം ചുമത്തുകയോ കേസിൽ കക്ഷിചേർക്കുകയോ ഉണ്ടായിട്ടില്ല. ഇതിന് എന്ത് മറുപടിയാണ് നൽകുക?. നിങ്ങൾ പറയുന്നത് പ്രകാരമാണെങ്കിൽ രാഷ്ട്രീയ പാർട്ടിയല്ലേ ഗുണഭോക്താവ്’’– എന്നാണ് സുപ്രീം കോടതി ഇന്നലെ ആരാഞ്ഞത്.