ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ വേനലവധി നേരത്തെയാക്കുമെന്ന് ബാര്‍ ബോഡി. മെയ് 8 നാണ് വേനലവധി ആരംഭിക്കുക. എന്‍വി രമണ ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തനമാരംഭിച്ച ആദ്യദിനം തന്നെ ബാർ അസോസിയേഷൻ, അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുമായെല്ലാം അടിയന്തര യോഗം വിളിച്ചിരുന്നു.
മെയ് 14ന് പകരം വേനലവധി, മെയ് എട്ടിന് ആരംഭിച്ച് ജൂൺ 27 ന് അവസാനിക്കുന്ന രീതിയില്‍ മാറ്റണമെന്ന് യോഗം തീരുമാനിച്ചതായി അഭിഭാഷകനും എസ്‌സിബിഎ പ്രസിഡന്റുമായ വികാസ് സിംഗ് പറഞ്ഞു. സുപ്രീം കോടതിയുടെ പുതിയ ചേംബർ കെട്ടിടത്തിൽ കൊവിഡ് കെയർ സെന്റർ ആരംഭിക്കുന്നതിനും സിജെഐ തത്വത്തിൽ അംഗീകാരം നൽകിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥലം പരിശോധിച്ച് സാധ്യതാറിപ്പോർട്ട് സമർപ്പിക്കാൻ എസ്‌സിബിഎ എക്സിക്യുട്ടീവ് കൗൺസിൽ ദില്ലി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കെട്ടിടം പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തഹസിൽദാർ ചാണക്യപുരിയെ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.
Also Read: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എന്‍വി രമണ ചുമതലയേറ്റു
അതേസമയം, കുറഞ്ഞത് 60 കിടക്കകൾക്ക് ചികിത്സാസൗകര്യങ്ങളും ആർടി-പിസിആർ ടെസ്റ്റ്, വാക്സിനേഷൻ തുടങ്ങിയ സൗകര്യങ്ങളും നടത്താന്‍ അനുയോജ്യമായ പ്രദേശം നൽകാൻ സിജെഐ സമ്മതിച്ചിട്ടുണ്ടെന്ന് എസ്‌സിഎആർഎ സെക്രട്ടറി ജോസഫ് അരിസ്റ്റോട്ടിൽ അറിയിച്ചു.