അമരാവതി: ആന്ധ്രപ്രദേശിലെ അഞ്ച് തൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തിന് കാരണമായ അണ്ണാനെ പോസ്റ്റ്മോര്‍ട്ടം ചെയ്‌തു. സത്യസായി ജില്ലയിലെ താടിമാരി മൃഗാശുപത്രിയിലാണ് പരിശോധന നടത്തിയത്. മാധ്യമങ്ങള്‍ക്കും, വെറ്റിനറി ഉദ്യോഗസ്ഥര്‍ക്കും അണ്ണാന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ കുറിച്ച് പൊലീസ് വിവരങ്ങള്‍ നല്‍കിയില്ല.
ഓട്ടോയിലെ വൈദ്യുതി കേബിള്‍ മുറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നെങ്കിലും പൊലീസ് അണ്ണാനെ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയില്‍ ഓട്ടോയിലെ മുറിഞ്ഞ വൈദ്യുത കേബിളുകള്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്‌പദമായ സംഭവം. അണ്ണാന്‍ ഇലക്‌ട്രിക് വയറില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന് വൈദ്യുത കമ്പികള്‍ പൊട്ടിവീണ് ഓട്ടോയ്‌ക്ക് തീപിടിക്കുകയും ഓട്ടോയില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ വെന്തു മരിക്കുകയുമായിരുന്നു. എന്നാല്‍ തീപിടിത്തത്തിന് കാരണം അണ്ണാന്‍ ആണെന്ന് പറഞ്ഞാണ് പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചത്.