വാഷിങ്‌ടണ്‍: ന്യൂയോര്‍ക്കിലെ സാഹിത്യ പരിപാടിക്കിടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്‌ത ബ്രിട്ടിഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കഴുത്തിന് രണ്ടുതവണ കുത്തേറ്റ അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റുഷ്‌ദിയുടെ ഒരു കണ്ണിന്‍റെ കാഴ്‌ചശക്തി നഷ്‌പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
ആക്രമണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയാം...
- സൽമാൻ റുഷ്‌ദിയുടെ കൈയിലെ ഞരമ്പുകൾ ഛേദിക്കപ്പെട്ടുവെന്നും കരളിന് ക്ഷതം സംഭവിച്ചതായും ഒരു കണ്ണ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്‍റെ ഏജന്‍റ് അറിയിച്ചിട്ടുണ്ട്. 'വാർത്തകൾ അത്ര നല്ലതല്ല, സൽമാന്‍റെ ഒരു കണ്ണ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. കൈയിലെ ഞരമ്പുകൾ ഛേദിക്കപ്പെട്ടു. കരളിൽ കുത്തേൽക്കുകയും പരിക്കുകൾ സംഭവിക്കുകയും ചെയ്തു', ഏജന്‍റ് അറിയിച്ചു.
- റുഷ്‌ദിയെ ആക്രമിച്ച ന്യൂജേഴ്‌സിയിലെ ഫെയർഫീൽഡിൽ നിന്നുള്ള ഹാദി മതർ എന്ന 24കാരനെ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയിരുന്നു. റുഷ്‌ദിയുടെ കഴുത്തിലും വയറിലുമാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. അതേസമയം ആക്രമണത്തിന്‍റെ കാരണം വ്യക്‌തമല്ല.
- ബഫല്ലോ നഗരത്തിന് തെക്ക് 70 മൈൽ അകലെയുള്ള ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ഒരു സാഹിത്യ പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. 'വിദ്വേഷത്തിന്‍റെ അക്രമാസക്തമായ പ്രകടനത്തിനാണ് ഞങ്ങളിൽ പലരും സാക്ഷ്യം വഹിച്ചത്. ആക്രമണം അക്ഷരാർഥത്തിൽ ഞങ്ങളെ നടുക്കിയിരിക്കുകയാണ്', ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
- സൽമാൻ റുഷ്‌ദിയുടെ 'ദി സാത്താനിക് വേഴ്‌സ്' എന്ന നോവൽ മതനിന്ദ പരത്തുന്നു എന്നാരോപിച്ച് മുസ്ലീം സമുദായങ്ങൾക്കിടയിൽ നിന്ന് റുഷ്‌ദിക്ക് വധഭീഷണി നേരിട്ടിരുന്നു. അദ്ദേഹത്തെ കൊല ചെയ്യാൻ ഇറാനിയൻ ഫത്‌വ ഉത്തരവിടുകയും, ഇതിനെത്തുടർന്ന് റുഷ്‌ദി വർഷങ്ങളോളം ഒളിവിൽ പോവുകയും ചെയ്‌തിരുന്നു.
- 'അക്രമി റുഷ്‌ദി ഇരിക്കുന്ന വേദിയിലേക്ക് ഓടിയെത്തി ആവർത്തിച്ച് ക്രൂരമായി കുത്തുകയായിരുന്നു', സാഹിത്യ പരിപാടിയിൽ പങ്കെടുത്ത അമേരിക്കൻ സര്‍വകലാശാല പൊളിറ്റിക്‌സ് പ്രൊഫസർ കാൾ ലെവൻ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് അടിയന്തര ശസ്‌ത്രക്രിയയ്‌ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യേണ്ടി വന്നിരുന്നു.
- ആക്രമണത്തിന് പിന്നാലെ സ്റ്റേജിലുണ്ടായിരുന്നവർ ഓടിയെത്തുകയും പ്രതിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. ഡോക്‌ടർമാർ എത്തുന്നതിന് മുന്നേ തന്നെ സദസിലുണ്ടായിരുന്ന ഒരു ഡോക്‌ടർ റുഷ്‌ദിക്ക് അടിയന്തര വൈദ്യസഹായവും നൽകിയിരുന്നു.
- സൽമാൻ റുഷ്‌ദിക്കെതിരായ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നാണ് ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്‌ദോ പറഞ്ഞത്. 'വധശിക്ഷയേയോ, ഫത്വയേയോ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല' ചാർലി ഹെബ്‌ദോ വ്യക്‌തമാക്കി. 2015ൽ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള കാർട്ടൂണുകളുടെ പേരിൽ ചാർലി ഹെബ്‌ദോയിലെ 12 ജീവനക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
- റുഷ്‌ദിയുടെ അക്രമി ഒരു മുസ്ലീം മതവിശ്വാസി ആയിരിക്കാമെന്നാണ് ചാർലി ഹെബ്‌ദോയുടെ മാനേജിങ് എഡിറ്റർ റിസ് പറഞ്ഞത്. കൂടാതെ ബൗദ്ധികമായി നിസാക്കാരായതും സാംസ്‌കാരികമായി അജ്ഞരുമായ ആത്മീയ തലവന്മാരെയും അദ്ദേഹം പരിഹസിച്ചു. 2015 ലെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കായിരുന്നു റിസ് രക്ഷപ്പെട്ടത്.
- അതേസമയം ഇറാനിലെ യാഥാസ്ഥിതിക മാധ്യമങ്ങൾ റുഷ്‌ദിക്കെതിരായ ആക്രമണത്തെ അനുകൂലിച്ച് രംഗത്തെത്തി. 'പിശാചിന്‍റെ കഴുത്ത്, ഒരു റേസർ കൊണ്ട് മുറിച്ചിരിക്കുന്നു' എന്നാണ് ഇറാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു പത്രം എഴുതിയത്. 'ന്യൂയോർക്കിൽ വിശ്വാസത്യാഗിയായ ദുഷിച്ച സൽമാൻ റുഷ്‌ദിയെ ആക്രമിച്ച ധീരനും കർത്തവ്യബോധമുള്ള ഈ മനുഷ്യന് അഭിനന്ദനങ്ങൾ' എന്നാണ് ഇറാനിയൻ പത്രമായ കെയ്‌ഹാൻ എഴുതിയത്.
- 1947 ജൂണ്‍ 19ന് മുംബൈയിലായിരുന്നു സല്‍മാന്‍ റുഷ്‌ദി എന്ന സര്‍ അഹമ്മദ് സല്‍മാന്‍ റുഷ്‌ദിയുടെ ജനനം. പഠനം ഇംഗ്ലണ്ടിലായിരുന്നു. കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറിയതോടെ അദ്ദേഹവും പാകിസ്ഥാനിലെത്തി. പിന്നീട് ഇംഗ്ലണ്ടിലേക്ക് തന്നെ മടങ്ങിപ്പോയി. റുഷ്‌ദിയുടെ നോവലുകളുടെ വിവർത്തകർക്കും പ്രസാധകർക്കും നേരെ വധഭീക്ഷണിയും വധശ്രമവും ഉണ്ടായതോടെ ഏറെ കാലം ബ്രിട്ടീഷ് പൊലീസിന്‍റെ സംരക്ഷണയിലാണ് റുഷ്‌ദി കഴിഞ്ഞിരുന്നത്.