സൽമാൻ ഖാന്‍റെ കിസി കാ ഭായ് കിസി കി ജാന് നിരൂപകരില്‍ നിന്നും മോശം റിവ്യൂകളാണ് ലഭിച്ചതെങ്കിലും ചിത്രം ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നു. പ്രദര്‍ശന ദിനത്തില്‍ 15 കോടി രൂപ നേടിയ ചിത്രം, ശനിയാഴ്‌ച ഈദ് ദിനത്തില്‍ 25 കോടിയാണ് സ്വന്തമാക്കിയത്. ഞായറാഴ്‌ചയും സമാനമായ സംഖ്യകളാണ് രേഖപ്പെടുത്തിയത്. നിലവിൽ 66.5 കോടി രൂപയാണ് സിനിമയുടെ ആകെ കലക്ഷന്‍.
ഫർഹാദ് സാംജിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൽമാൻ ഖാൻ ഫിലിംസിന്‍റെ (എസ്‌കെഎഫ്) ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർസ്‌റ്റാർ സൽമാൻ ഖാന്‍ നായകനായ ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക.
വെങ്കിടേഷ് ദഗ്ഗുബതി, ബിഗ് ബോസ് സീസണ്‍ 13 താരം ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, ജഗപതി ബാബു, ഭൂമിക ചൗള, ജാസി ഗിൽ, അഭിമന്യു സിംഗ് ജുയാൽ, സിദ്ധാർത്ഥ് നിഗം, വിജേന്ദർ സിംഗ്, വിനാലി ഭട്‌നാഗർ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഞായറാഴ്‌ചത്തെ ബോക്‌സോഫിസ് കലക്ഷന്‍ 24.50 മുതൽ 25 കോടി രൂപ വരെ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോർട്ടുകള്‍ പ്രകാരം ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ബിഹാർ തുടങ്ങി സംസ്ഥാനങ്ങളിൽ ഞായറാഴ്‌ച കലക്ഷൻ മെച്ചപ്പെട്ടിരുന്നു. അതേസമയം, ചിത്രം വിദേശത്ത് മികച്ച പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്. ഗൾഫിൽ കലക്ഷന്‍ 4.5 മില്യൺ ഡോളറിലേക്ക് അടുക്കുകയാണ്.
സിനിമയുടെ രണ്ടാം ദിവസത്തെ കലക്ഷനെ ഈദ് റിലീസ് നല്ല രീതിയിൽ സ്വാധീനിച്ചിരുന്നു. സല്‍മാന്‍റെ ഇതുവരെയുള്ള മറ്റ് ഈദ് റിലീസുകള്‍ നോക്കിയാല്‍, ആദ്യം ദിനം മികച്ച കലക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാൻ'. പ്രദര്‍ശനദിനത്തില്‍ 'ദബാംഗി'നേക്കാൾ 'ഭാരത്' കലക്‌ട് ചെയ്‌തിരുന്നു. ആദ്യദിനം 'ദബാംഗ്' 14.10 കോടി രൂപയാണ് നേടിയതെങ്കില്‍ 42.30 കോടി രൂപയാണ് 'ഭാരത്' നേടിയത്. എന്നാല്‍ 'ദബാംഗ്' ഒരു സൂപ്പര്‍ ഹിറ്റ് ചിത്രമായും, 'ഭാരത്' മോശം പ്രകടനം കാഴ്‌ചവച്ച സിനിമയായും മാറി. അതുകൊണ്ട് സൽമാന്‍റെ സിനിമയ്ക്ക് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്.
കിസി കാ ഭായ് കിസി കി ജാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് പാലക് തിവാരിയും ഷെഹ്‌നാസ് ഗില്ലും. സൽമാൻ ഖാൻ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, 'എന്ത് സംഭവിച്ചാലും നല്ലത് സംഭവിക്കും' എന്നായിരുന്നു പാലക്കിന്‍റെ മറുപടി. സൽമാൻ ഖാന്‍ എനിക്ക് വലിയ ഒരു അവസരം നൽകി,
അദ്ദേഹത്തിന്‍റെ ഔദാര്യം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്‍റെ അഭിപ്രായത്തിൽ ഇതിലും മികച്ച ഒരു അരങ്ങേറ്റം ആരും ആവശ്യപ്പെടില്ല. നേരത്തെ വിവേക് ഒബ്‌റോയിയുടെ റോസി എന്ന ചിത്രത്തില്‍ പാലക് തിവാരിക്ക് അവസരം ലഭിച്ചിരുന്നു.
അടുത്തിടെ ബോളിവുഡില്‍ റീലീസായ നിരവധി റീമേക്കുകള്‍ ബോക്‌സോഫിസ് ഫ്ലോപ്പുകളായിരുന്നു. ഈ സാഹചര്യത്തില്‍ ഒരു മാസ് ഫാമിലി എന്‍റര്‍ടെയ്‌നറായി തിയേറ്ററുകളിലെത്തിയ 'കിസി കാ ഭായ് കിസി കി ജാൻ' ബോക്‌സോഫിസിൽ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. അജിത്ത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'വീര'ത്തിന്‍റെ ഹിന്ദി റീമേക്കാണ് 'കിസി കാ ഭായ് കിസി കി ജാൻ'.
കാർത്തിക് ആര്യൻ നായകനായ 'ഷെഹ്‌സാദ', അക്ഷയ് കുമാർ, ഇമ്രാന്‍ ഹാഷ്‌മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ 'സെൽഫി' എന്നീ റീമേക്കുകൾ തിയേറ്ററുകളില്‍ വന്‍ പരാജയമായിരുന്നു.