ഹരിദ്വാർ (ഉത്തരാഖണ്ഡ്) : ആളുകളെ വലയിലാക്കാൻ പുതുതന്ത്രവുമായി ആൾദൈവങ്ങൾ. ഇന്‍റർനെറ്റ്, സമൂഹ മാധ്യമ യുഗത്തിൽ തങ്ങളുടെ ഫോളോവേഴ്‌സിനെ വർധിപ്പിക്കാൻ ഇത്തരം ആൾദൈവങ്ങൾ ഒന്നാകെ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഭ്രമങ്ങളിൽ നിന്നുമകന്ന് ഏകാന്തതയിൽ അഭയം പ്രാപിക്കണമെന്ന് പറയുന്ന ആൾദൈവങ്ങൾ ഇന്ന് സമൂഹ മാധ്യമങ്ങളുടെ ലോകത്ത് വലിയ താരങ്ങളാണ്.
സിനിമ താരങ്ങളും രാഷ്‌ട്രീയക്കാരും എങ്ങനെയാണോ സമൂഹ മാധ്യമങ്ങളിൽ ജനപ്രീതി വർധിപ്പിക്കുന്നത്, അതുപോലെയാണ് ആൾദൈവങ്ങളും ആളുകളെ ആകർഷിക്കുന്നത്. ഹരിദ്വാറിലെ പ്രശസ്‌തരായ മിക്ക ആൾദൈവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആളുകളെ വലയിലാക്കാനുള്ള ശ്രമത്തിലാണ്. അവരുടെ സമൂഹ മാധ്യമങ്ങളിൽ കാണപ്പെടുന്ന റീലുകളും മീമുകളും ഓഡിയോ വീഡിയോ കണ്ടന്‍റുകളുമെല്ലാം ഇതിന് തെളിവാണ്.
ഇവർക്ക് സ്‌തുതി പാടുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ആളുകളെ വലയിലാക്കാനുള്ള ഇവരുടെ ശൈലി മറ്റ് ആൾദൈവങ്ങളിൽ നിന്നും ഇവരെ വ്യത്യസ്‌തമാക്കുകയാണ്. സമൂഹത്തിൽ സോഷ്യൽ മീഡിയയ്ക്ക് അടുത്തകാലത്ത് ഉണ്ടായ പ്രീതിയും ഒട്ടുമിക്ക ജനങ്ങളും സമൂഹ മാധ്യമങ്ങളെ ആശ്രയിച്ചുതുടങ്ങിയതുമാണ് ആൾദൈവങ്ങൾ ഇതിലേക്ക് തിരിയാൻ കാരണം.
മതപ്രഭാഷണം ആയാലും അനുയായികളുമായുള്ള ആശയവിനിമയമായാലും ഇപ്പോൾ ആൾദൈവങ്ങൾ സമൂഹ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവരുടെ ഫോളോവേഴ്‌സിന്‍റെ എണ്ണവും കണ്ടന്‍റുകളുടെ റീച്ചും ഞെട്ടിപ്പിക്കുന്നതാണ്. ഫോളോവേഴ്‌സിന്‍റെയും റീച്ചിന്‍റെയും കാര്യത്തിൽ സിനിമ താരങ്ങളേക്കാൾ ഒട്ടും പിന്നിലല്ല ഇവർ.
ഏറ്റവും ജനപ്രീതി ബാബ രാംദേവിന് : ആൾദൈവങ്ങളുടെ സോഷ്യൽ മീഡിയ പ്രോഗ്രസ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനം ബാബ രാംദേവിനാണ്. ഇന്ത്യയ്ക്ക് പുറത്തും രാംദേവിന് ആരാധകരുണ്ട്. രാംദേവിന്‍റെ ഫോട്ടോകൾ, വീഡിയോകൾ, പ്രസ്‌താവനകൾ, റീലുകൾ എന്നിവ അപ്‌ലോഡ് ചെയ്യാൻ വൻ തുകകൾ ചെലവഴിച്ച് സോഷ്യൽ മീഡിയ ടീമിനെ വരെ രാംദേവ് സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളാണ് രാംദേവിന്‍റെ വീഡിയോകൾ കാണാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ബാബ രാംദേവിന്‍റെ ഫോളോവേഴ്‌സ് ദിനംപ്രതി വർധിച്ചുവരികയാണ്.
രാംദേവിന് പിന്നാലെ സ്വാമി കൈലാസാനന്ദ ഗിരി : രാംദേവിന് ശേഷം നിരഞ്ജനി അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വര സ്വാമി കൈലാസാനന്ദ ഗിരിയ്ക്കാണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളത്. കൈലാസാനന്ദ ഗിരി സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ചിത്രങ്ങളും വീഡിയോകളും നിരന്തരം പങ്കുവയ്ക്കാറുണ്ട്.
പരമർത് നികേതന്‍റെ പരമ അധ്യക്ഷൻ ചിദാനന്ദ് മുനി സോഷ്യൽ മീഡിയയിൽ സജീവമാണ്. സെലിബ്രിറ്റികൾക്കും രാഷ്ട്രീയക്കാർക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മുനി നിരന്തരം അപ്‌ലോഡ് ചെയ്യാറുണ്ട്. ചിത്രങ്ങൾക്ക് പുറമെ റീലുകളും പങ്കുവയ്ക്കാറുണ്ട്.
ആളെ വലയിലാക്കാൻ സ്വകാര്യ സോഷ്യൽ മീഡിയ ടീം : പല ആൾദൈവങ്ങളും സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ടീമിനെ തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും നോയിഡയിൽ നിന്നുമാണ് ഈ ടീമുകളെ കണ്ടെത്തുന്നത്. ലക്ഷക്കണക്കിന് രൂപയാണ് സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ ഇവര്‍ ചെലവഴിക്കുന്നത്.
ബാബ രാംദേവ്
ഫേസ്ബുക്ക്: 11മില്യൺ
ഇൻസ്റ്റഗ്രാം: 2 മില്യൺ
ട്വിറ്റർ: 2.6 മില്യൺ
ചിദാനന്ദ് മുനി
ഫേസ്ബുക്ക്: 38,000
ഇൻസ്റ്റഗ്രാം: 25,200
ട്വിറ്റർ: 13,900
സ്വാമി കൈലാസാനന്ദ ഗിരി
ഫേസ്ബുക്ക്: 88,000
ഇൻസ്റ്റഗ്രാം: 38,600