മംഗളൂരു: കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയായി മാറുമെന്ന വിവാദ പ്രസ്‌താവനയുമായി ആര്‍എസ്‌എസ് നേതാവ്. കര്‍ണാടകയിലെ ആര്‍എസ്‌എസ് നേതാവ് കല്ലഡ്‌ക പ്രഭാകര്‍ ഭട്ട് ആണ് ഗുരുതര പരാമര്‍ശം നടത്തിയത്. കുത്താറിലെ കർണിക കൊറഗജ്ജയുടെ ആരാധനാലയത്തിലേക്ക് ഹിന്ദുക്കളുടെ ഐക്യത്തിനെന്ന പേരില്‍ നടത്തിയ കാൽനട മാർച്ചിനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു വിവാദ പ്രസ്‌താവന. നേരത്തെ കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പയും സമാനമായ പ്രസ്‌താവന നടത്തിയിരുന്നു.
'ആരാണ് ത്രിവർണ പതാക നിശ്ചയിച്ചത്? ഇതിന് മുമ്പ് ഏത് പതാക ഉണ്ടായിരുന്നു? ഭാവിയിൽ അത് മാറ്റിസ്ഥാപിക്കുന്നതുവരെ ഞങ്ങൾ ത്രിവർണ പതാകയെ ബഹുമാനിക്കും. പാർലമെന്‍റിലും രാജ്യസഭയിലും ദേശീയ പതാക മാറ്റാൻ ഭൂരിപക്ഷം വോട്ട് ചെയ്‌താല്‍ പതാക മാറ്റാം. ഹിന്ദു സമാജം ഒന്നിച്ചാൽ അതിന് കഴിയും, അത് സംഭവിയ്ക്കണം' - കല്ലഡ്‌ക പ്രഭാകര്‍ ഭട്ട് പറഞ്ഞു.
'ദ കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിലുള്ളത് ഇന്ന് കാണുന്നതിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും ഹിന്ദുക്കള്‍ വേട്ടയാടപ്പെട്ടപ്പോള്‍ കോൺഗ്രസ് പാർട്ടി കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നുവെന്നും ആര്‍എസ്‌എസ് നേതാവ് ആരോപിച്ചു. ഇന്ന് കിതാബിന്‍റെ (പുസ്‌തകത്തിന്‍റെ) സ്ഥാനത്ത് ഹിജാബാണ്. എല്ലാ രീതിയിലുമുള്ള സൗകര്യങ്ങള്‍ ഉണ്ടായിട്ടും അവർ ഇപ്പോഴും വിഘടനവാദ ചിന്താഗതിയില്‍ തുടരുകയാണ്. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്.
സ്‌കൂൾ സിലബസിൽ ഭഗവദ് ഗീത ഉള്‍പ്പെടുത്തുന്നതിനെ കല്ലഡ്‌ക പ്രഭാകര്‍ ഭട്ട് ന്യായീകരിച്ചു. സ്‌കൂളുകളിൽ ഭഗവദ്ഗീത പഠിപ്പിയ്ക്കുമെന്ന് സ്വർണവല്ലി ശ്രീ നേരത്തെ പറഞ്ഞിരുന്നു. അപ്പോൾ പുരോഗമന ചിന്താഗതിക്കാരെല്ലാം അതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബൈബിളും ഖുറാനും നിങ്ങളുടെ വീട്ടിൽ സൂക്ഷിച്ചോളൂ. എല്ലാ സ്‌കൂളുകളിലും വീടുകളിലും ഭഗവദ്ഗീത വായിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.