ചണ്ഡീഗഢ്: ക്യാപ്റ്റൻ അമരീന്ദർ സിങിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ പ്രതിഷേധിച്ചതിന് ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്‍റ് സുഖ്ബീർ സിങ് ബാദലിനെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു.
വാക്സിനുകൾ അമിത വിലക്ക് വിൽപ്പന നടത്തിയെന്ന ആരോപണത്തിൽ ആരോഗ്യ മന്ത്രി ബൽബീർ സിങ് സിദ്ധുവിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ആവശ്യമുന്നയിച്ച് സുഖ്ബീർ സിങും പാർട്ടി പ്രവർത്തകരും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിനിടയിലാണ് അറസ്റ്റ് ഉണ്ടായത്.
Also Read: ആദിവാസി യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; ആറ് പേർ പിടിയിൽ
കൊടുങ്കാറ്റുണ്ടായാൽ ക്യാപ്റ്റന് എല്ലാ ശക്തിയും ഉപയോഗിച്ചാലും തടുക്കാനാവില്ലെന്നും വാക്സിനേഷൻ, ഫത്തേ കിറ്റ്, പട്ടികജാതി സ്കോളർഷിപ്പ്, കർഷകരുടെ ഭൂമി എറ്റെടുക്കൽ എന്നിവയിലെല്ലാം അഴിമതി നടന്നിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ബാദൽ പറഞ്ഞു.
വാക്സിൻ കുംഭകോണത്തിൽ പഞ്ചാബിലെ ജനങ്ങൾക്ക് നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നും ജനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകുന്നതിനു പകരം വാക്സിനുകൾ സ്വകാര്യ ആശുപത്രികൾക്ക് വിറ്റ് ജനങ്ങളെ കൂടുതൽ ചൂഷണം ചെയ്യുകയാണെന്നും ബാദൽ പറഞ്ഞു. ബൽബീർ സിദ്ധു ഒന്നിനു പുറകെ ഒന്നായി അഴിമതി നടത്തുകയാണെന്ന് വാദിച്ച സുഖ്ബീർ ബാദൽ ജനങ്ങൾക്ക് വിതരണം ചെയ്ത മെഡിക്കൽ കിറ്റുകളുടെ വില പല ടെണ്ടറുകൾ വിളിച്ച് വർധിപ്പിക്കുകയാണെന്നും ആരോപിച്ചു.
പ്രതിഷേധിച്ചവർക്ക് നേരെ സുരക്ഷ സേന ജലപീരങ്കി പ്രയോഗിച്ചു.