ന്യൂഡൽഹി: കർതർപൂർ സാഹിബ് ഗുരുദ്വാരയുടെ നടത്തിപ്പും പരിപാലനവും സിഖ് ഇതര സംഘടനയിലേക്ക് മാറ്റാനുള്ള പാകിസ്ഥാന്‍റെ നീക്കം തടയണമെന്ന് ഷിരോമണി അകാലിദൾ (എസ്എഡി). ഗുരുദ്വാര കാര്യങ്ങളിൽ അനാവശ്യമായ ഇടപെടൽ തടയുന്നത് സംബന്ധിച്ച് പാകിസ്ഥാൻ സർക്കാരുമായി ഉടൻ ചർച്ച നടത്തണമെന്ന് ഷിരോമണി അകാലിദൾ (എസ്എഡി) പ്രതിനിധി സംഘം വിദേശകാര്യ ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചു. യോഗത്തിൽ ഹർമീത് സിംഗ് കൽക്ക, പ്രസിഡന്‍റ് ശിരോമണി അകാലിദൾ (ഡൽഹി സംസ്ഥാനം), മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുത്തു. ചരിത്രപരമായ ഗുരുദ്വാരയുടെ നടത്തിപ്പ് നോക്കുന്നതിനായി പാകിസ്ഥാൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പുനഃസ്ഥാപിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
ഗുരുദ്വാര സാഹിബിന്‍റെ നിയന്ത്രണത്തിനും പരിപാലനത്തിനുമായി ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡിന് (ഇടിപിബി) കീഴിൽ പാകിസ്ഥാൻ സർക്കാർ പ്രോജക്ട് മാനേജ്‌മെന്‍റ് യൂണിറ്റ് (പിഎംയു) രൂപീകരിച്ചത് മന്ത്രാലയത്തെ അറിയിച്ചതായി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച എസ്എഡി വക്താവ് മഞ്ജിന്ദർ സിർസ പറഞ്ഞു. സിഖ് പാരമ്പര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ഒരു സിഖ് ഇതര സംഘടനയ്ക്ക് പാകിസ്ഥാൻ സർക്കാർ നിയന്ത്രണം കൈമാറിയത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ സർക്കാർ ഗുരുദ്വാരകളെ ബിസിനസ് മോഡലായി പ്രഖ്യാപിക്കുകയാണെന്നും ഇത് തികച്ചും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.