ജയ്‌പൂർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ളയുടെ മകളായ സാറാ അബ്‌ദുള്ള പൈലറ്റുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി സ്ഥിരീകരിച്ച് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.
നാമനിർദേശ പത്രികയിലെ പങ്കാളിയുടെ കോളത്തില്‍ സച്ചിൻ വിവാഹമോചിതനാണെന്ന് രേഖപ്പെടുത്തി. വിവാഹമോചനവുമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിവാഹമോചനം പരസ്യമായി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. എന്നാൽ വിവാഹമോചനം എപ്പോഴാണെന്ന് ഈ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടില്ല.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പൈലറ്റ് തന്‍റെ രണ്ട് മക്കളായ ആരണിനെയും വിഹാനെയും ആശ്രിതരായി പരാമർശിച്ചു. നേരത്തെ, 2018ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സച്ചിൻ പൈലറ്റ് ഭാര്യയായ സാറയെ പരാമർശിച്ചിരുന്നു. 2018 ലെ തെരഞ്ഞെടുപ്പിന് ശേഷം രാം നിവാസ് ബാഗിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പൈലറ്റ് പങ്കെടുത്തപ്പോൾ സാറാ പൈലറ്റും അവിടെ സന്നിഹിതരായിരുന്നു.
പൈലറ്റ് സാറയെ വിവാഹം കഴിച്ചത് 2004-ലാണ്. പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിൽ പൈലറ്റ് പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് 10 വർഷത്തിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയെങ്കിലും പൈലറ്റ് അത് പരസ്യമായി നിരസിക്കുന്നത് കണ്ടിരുന്നു.
അതേസമയം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് പൈലറ്റ് ഭൂതേശ്വർ മഹാദേവ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ബഡാ കുവാനിൽ നിന്ന് ടോങ്ക് സിറ്റിയിലെ പട്ടേൽ ചൗക്കിലേക്ക് തന്‍റെ അനുയായികളോടൊപ്പം ഒരു ഘോഷയാത്രയും നയിച്ചു. 200 അംഗ രാജസ്ഥാൻ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 25 ന് നടക്കും, ഡിസംബർ 3 ന് വോട്ടെണ്ണും. പൈലറ്റിനെതിരെ ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നവംബർ 6 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
രാജസ്ഥാൻ കോൺഗ്രസ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നു: രൂക്ഷമായ അധികാര തർക്കം നിലനില്‍ക്കുന്ന രാജസ്ഥാൻ കോൺഗ്രസില്‍ സച്ചിൻ പൈലറ്റും അശോക് ഗലോട്ടും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞത് കോൺഗ്രസിന് സൃഷ്‌ടിക്കുന്ന തലവേദന വലുതാണ്. ഗലോട്ട് സർക്കാരിന് എതിരെ പരസ്യ വിമർശങ്ങളുമായി സച്ചിൻ പൈലറ്റ് വിഭാഗം മുന്നോട്ടു പോകുമ്പോൾ പാർട്ടിയില്‍ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനാണ് ഗലോട്ട് വിഭാഗം ശ്രമിക്കുന്നത്. ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇരുവിഭാഗത്തെയും ഒന്നിച്ചു കൊണ്ടുപോകാനാണ് കോൺഗ്രസ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്.
ഗലോട്ട് സര്‍ക്കാരിന്‍റെ സമൂഹ്യ ക്ഷേമ പദ്ധതികള്‍ വരും തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ നടപടി എടുക്കുക, രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സച്ചിന്‍ പൈലറ്റിനെ കൂടുതല്‍ അടുപ്പിക്കാന്‍ ഗലോട്ടിന് കഴിയുമോ എന്നതും രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുകയാണ്.
ALSO READ: 'ബിജെപി ഇന്ത്യൻ വ്യോമസേനയെ അപമാനിക്കുന്നു', സച്ചിന് പിന്തുണയുമായി അശോക് ഗലോട്ട്