ന്യൂഡൽഹി: ന്യൂയോർക്കിൽ ശനിയാഴ്‌ച ചേരാനിരുന്ന സാർക്ക് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്‌ച റദ്ദാക്കി. അഫ്‌ഗാനിസ്ഥാനിനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ ഈ ആവശ്യം നിരാകരിക്കുകയുമായിരുന്നു. തുടർന്ന് വിഷയത്തിൽ രാജ്യങ്ങൾ തമ്മിൽ സമവായത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഐക്യരാഷ്‌ട്രസഭയുടെ പൊതു സമ്മേളനത്തോട് അനുബന്ധിച്ച് എല്ലാ വർഷവും നടക്കുന്ന യോഗമാണ് റദ്ദാക്കിയത്. താലിബാനെ ഇതുവരെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്‌ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി യുഎന്നിലും അനുബന്ധ യോഗങ്ങളിലും പങ്കെടുക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്.
എല്ലാ ജനതയെയും ഉൾക്കൊള്ളുന്ന സർക്കാരല്ല താലിബാൻ അഫ്‌ഗാനിൽ രൂപീകരിച്ചതെന്നും താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിന് മുന്നോടിയായി ലോകം ഒരുവട്ടം കൂടി ചിന്തിക്കണമെന്നും എസ്‌സിഒ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കാബൂളിൽ രൂപീകരിച്ച താലിബാൻ സർക്കാരിൽ സ്‌ത്രീ, ന്യൂനപക്ഷ സംവരണമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ALSO READ: കൊവിഡ് മൂന്നാം തരംഗം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍, ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്‌ധര്‍