കീവ്: റഷ്യൻ അധിനിവേശത്തിന്‍റെ ആദ്യ ദിനത്തിൽ 137 യുക്രേനിയക്കാർ കൊല്ലപ്പെടുകയും 316 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തായി യുക്രൈൻ പ്രസിഡന്‍റ് വ്ലാദ്‌മിർ സെലെൻസ്‌കി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, യുക്രൈനിലെ സാഹചര്യത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. വ്യാഴാഴ്‌ച സൈനിക ആക്രമണം ആരംഭിച്ചതിന് റഷ്യയെ അപലപിക്കുകയും റഷ്യക്കെതിരായി ശക്തമായ ഉപരോധങ്ങളും ഏർപ്പെടുത്തുമെന്നും ബൈഡൻ പ്രഖ്യാപിച്ചു.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാൻ ഡോളർ, യൂറോ, പൗണ്ട്, യെൻ എന്നിവയുമായി റഷ്യയുടെ വിനിമയ മൂല്യം പരിമിതപ്പെടുത്തുക, റഷ്യൻ സൈന്യത്തിന്‍റെ വളർച്ചക്കാവശ്യമായിട്ടുള്ള ധനസഹായം നൽകുന്നത് നിർത്തുക, ഹൈടെക് സമ്പദ്‌വ്യവസ്ഥയിൽ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ ദുർബലപ്പെടുത്തുക എന്നിവയാണ് റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്‍റെ ഭാഗമായി അമേരിക്ക പ്രഖ്യാപിച്ച നയങ്ങൾ.
ALSO READ:LIVE UPDATES: അതീവ ഗുരുതരം, ലോകം യുദ്ധ ഭീതിയില്‍: യുക്രൈനില്‍ എങ്ങും വെടിയൊച്ച
മറുവശത്ത്, നിലവിലെ രാഷ്ട്രീയ, സൈനിക പ്രതിസന്ധികൾക്കിടയിൽ യുക്രൈനിന് അടിയന്തര സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന് ലോക ബാങ്ക് പ്രസ്‌താവനയിൽ പറഞ്ഞു."യുക്രൈനിന് ഉടനടി പിന്തുണ നൽകാൻ ഞങ്ങൾ തയ്യാറാണ്, വേഗത്തിലുള്ള ധനസഹായം ഉൾപ്പെടെയുള്ള പിന്തുണയ്‌ക്കുള്ള രേഖകൾ തയ്യാറാക്കുകയാണ്. വികസന പങ്കാളികൾക്കൊപ്പം, ദ്രുത പ്രതികരണത്തിനായി ലോക ബാങ്ക് ഗ്രൂപ്പ് ഞങ്ങളുടെ എല്ലാ ധനസഹായവും സാങ്കേതിക പിന്തുണ ഉപകരണങ്ങളും ഉപയോഗിക്കും," പ്രസ്‌താവനയിൽ കൂട്ടിച്ചർത്തു.