ഹൽദ്വാനി : ഇന്‍റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്തെ ബാങ്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,94,880 തട്ടിപ്പ് കേസുകളെന്ന് വിവരാവകാശ നിയമപ്രകാരമുള്ള (ആർടിഐ) റിപ്പോർട്ടുകൾ. വ്യാജ ഇടപാടുകൾ വഴി സൈബർ ക്രിമിനലുകൾ 1347.83 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയതായും ആർടിഐ രേഖകൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ ഓൺലൈൻ ബാങ്കിങ് ഇടപാടുകളിലൂടെ തട്ടിപ്പിനിരയായവരെ സംബന്ധിച്ച് ഹൽദ്വാനി നിവാസിയും ആർടിഐ പ്രവർത്തകനുമായ ഹേമന്ത് ഗോണിയ, വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്കിൽ (ആർബിഐ) നിന്ന് വിവരങ്ങൾ തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 2002 മുതൽ 2021 ഡിസംബർ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പ് കേസുകളുടെ ആകെ എണ്ണം 294880 ആണെന്നും ഇതിലൂടെ വിവിധ ബാങ്കുകൾക്ക് 1347.83 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി കണ്ടെത്തിയതായും ആർബിഐ വ്യക്തമാക്കി.
ബാങ്കുകൾ അവയുടെ സാങ്കേതിക വിദ്യ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഹേമന്ത് ഗോണിയ, തട്ടിപ്പിനിരയായവർക്ക് നഷ്‌ടപരിഹാരം നൽകണമെന്നും കുറ്റവാളികൾക്ക് കർശനമായ ശിക്ഷ നേടിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു.