ന്യൂഡൽഹി : ഇന്ത്യ-ചൈന 13ാമത് സൈനിക കമാൻഡർതല ചർച്ചയും പ്രശ്നപരിഹാരമാകാതെ പിരിഞ്ഞു. ഞായറാഴ്‌ച ചുഷുൽ-മോൽഡോ അതിർത്തിയിലാണ് ഇരു രാജ്യങ്ങളുടെയും സൈന്യത്തിന്‍റെ 13ാമത് കമാൻഡർതല ചർച്ച നടന്നത്. ചർച്ച എട്ട് മണിക്കൂർ നീണ്ടെങ്കിലും അതിർത്തി പ്രശ്നത്തിന് പരിഹാരമായില്ല.
പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങൾ ചൈന മുന്നോട്ടുവച്ചില്ലെന്നും രാജ്യം മുന്നോട്ടുവച്ചവയോട് യോജിക്കാൻ ചൈനീസ് പക്ഷത്തിന് കഴിഞ്ഞില്ലെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
നിലനിന്നിരുന്ന സാഹചര്യം മാറ്റുന്നതിനും ഉഭയകക്ഷി കരാറുകൾ ലംഘിക്കുന്നതിനുമുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോഴുള്ള പ്രശ്നത്തിന് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി.
Also Read: വെടിക്കെട്ടുമായി ഋതുരാജും ഉത്തപ്പയും, സൂപ്പര്‍ ഫിനിഷുമായി ധോണി ; ചെന്നൈ ഫൈനലില്‍
പടിഞ്ഞാറൻ മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയിൽ ശാന്തിയും സമാധാനവും പുനസ്ഥാപിക്കാൻ ചൈനീസ് പക്ഷം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചു.
യുക്തിരഹിതവും യാഥാർഥ്യത്തിന് നിരക്കാത്തതുമായ ആവശ്യങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കരുതെന്നും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പടിഞ്ഞാറൻ തിയേറ്റർ കമാൻഡ് വക്താവ് കേണൽ ലോങ് ഷാവുവ പറഞ്ഞു.
ഞായറാഴ്‌ച രാത്രി 7 മണിയോടെ ചർച്ച അവസാനിച്ചെങ്കിലും സംയുക്ത പ്രസ്താവന ഉണ്ടായിരുന്നില്ല.