ചെന്നൈ: തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിഎംകെയ്ക്ക് വേണ്ടി നടത്തിയ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ചുവപ്പും കറുപ്പും ഷാള്‍ ധരിച്ച് സ്റ്റാലിന്‍റെ ചിത്രമുള്ള പ്ലക്കാര്‍ഡും കയ്യിലേന്തി കാല്‍നടയായും ഇരുചക്ര വാഹനത്തിലും ബസിലുമൊക്കെയായാണ് പ്രചാരണം.
ആളുകള്‍ക്ക് നോട്ടീസ് നല്‍കുന്നു. ഡിഎംകെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതൊക്കെ സാധാരണ പ്രചാരണ രീതികളാണെങ്കിലും പുതുമ ഇവിടെ പ്രചാരണം നടത്തുന്നയാള്‍ക്കാണ്. കക്ഷി തമിഴനല്ല, മറിച്ച് വിദേശിയാണ്.
റൊമാനിയൻ വ്യവസായി നെഗോയിറ്റ സ്റ്റെഫാന്‍ മരിയസാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ഡിഎംകെ സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ഡിഎംകെയുടെ പദ്ധതികള്‍ തന്നെ ആകർഷിച്ചുവെന്നും സ്വന്തം താൽപ്പര്യത്തോടെയാണ് പ്രചാരണം നടത്തിയതെന്നുമാണ് സ്റ്റെഫാൻ പറയുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മരിയസിന്‍റെ പ്രചാരണം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തെങ്കിലും പിന്നാലെ ഇമിഗ്രേഷന്‍ ഓഫിസില്‍ നിന്ന് വിസ നിയമം ലംഘിച്ചുവെന്ന് കാട്ടി നോട്ടീസ് ലഭിച്ചു. വിദേശിയായ ഒരാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നത് വിസ ചട്ട ലംഘനമാണ്.
ബിസിനസ് വിസയുമായാണ് നെഗോയിറ്റ കോയമ്പത്തൂരിലെത്തിയത്. മത, രാഷ്‌ട്രീയ പ്രചരണങ്ങളിൽ ഏർപ്പെടാൻ അനുവാദമില്ല. ചെന്നൈയിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ (എഫ്ആർആർഒ) ഹാജരാകാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് കഴിഞ്ഞ ദിവസം നുങ്കമ്പാക്കത്തെ ഓഫിസില്‍ മരിയസ് ഹാജരായി.
Also read: മഞ്ഞുവീഴ്‌ചയുള്ള പ്രദേശങ്ങളിലെ സൈനികർക്ക് ബൂസ്റ്റർ വാക്‌സിൻ