അമൃത്സർ (പഞ്ചാബ്): പെട്രോൾ പമ്പിൽ മോഷണം നടത്താനെത്തിയവരിൽ ഒരാളെ വെടിവച്ച് കൊലപ്പെടുത്തി പമ്പിലെ സെക്യൂരിറ്റി ഗാർഡ്. ജാണ്ടിയാല ഗുരുവിന് സമീപമുള്ള മാലിയൻ ഗ്രാമത്തിലെ പെട്രോൾ പമ്പിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 9.15ഓടെ മോട്ടോർ സൈക്കിളിൽ പെട്രോൾ പമ്പിലെത്തിയ മോഷ്‌ടാക്കൾ പമ്പിൽ പെട്രോൾ അടിക്കാനെത്തിയവരെയും ജീവനക്കാരെയും തോക്കിൻമുനയിൽ നിർത്തി കവർച്ച നടത്താൻ ശ്രമിക്കുകയായിരുന്നു.
ഇതേസമയം, പെട്രോൾ പമ്പിലെ സുരക്ഷ ജീവനക്കാരൻ തോക്കെടുത്ത് കവർച്ചക്കാരിൽ ഒരാളെ വെടിവച്ചു. വെടിയേറ്റയാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു.
മുൻപും ഈ പമ്പിൽ മോഷണം നടക്കുകയും 80,000 രൂപ വരെ മോഷണം പോയിട്ടുള്ളതുമാണ്. അതിനാൽ സുരക്ഷ ജീവനക്കാരൻ ജാഗ്രത പാലിക്കുകയായിരുന്നുവെന്ന് ഡിഎസ്‌പി ഗുർമീത് സിങ് പറഞ്ഞു. വെടിയേറ്റ് മരിച്ച അക്രമിയില്‍ നിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.