ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് അറിയിച്ചു. താൻ ഇതിനകം കോൺഗ്രസുമായി സംസാരിച്ചിട്ടുണ്ടെന്നും സഖ്യം ചേരുന്നതിന് എഐയുഡിഎഫുമായി ചർച്ച നടത്തുമെന്നും തേജസ്വി യാദവ് ഗുവാഹത്തി സന്ദർശന വേളയിൽ പറഞ്ഞു.
കോൺഗ്രസിനും എഐയുഡിഎഫിനും പുറമെ തന്‍റെ പാർട്ടിയായ ആർജെഡിയും മറ്റ് ചെറിയ കക്ഷികളുമായി സഖ്യം രൂപികരിക്കുമെന്നും അതിനായി തങ്ങൾ സമാന ചിന്താഗതിക്കാരായ കക്ഷികളോട് സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബിഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ നിന്നായി അഞ്ച് ശതമാനത്തോളം ഹിന്ദി സംസാരിക്കുന്നവരുണ്ട്. 11 സീറ്റുകളിലായി ഇത്തരത്തിൽ യോഗ്യരായ വ്യക്തികളുണ്ട്. എന്നാൽ വിജയിക്കാൻ സാധ്യതയുള്ളിടത്ത് മാത്രമേ മത്സരിക്കുകയുള്ളൂവെന്നും തേജസ്വി യാദവ് പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ബിജെപിക്കും സഖ്യകക്ഷികൾക്കുമെതിരെ പ്രചരണം നടത്തുമെന്നും തേജസ്വി യാദവ് അറിയിച്ചു.