പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പങ്കെടുക്കില്ല. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് ആർജെഡി അറിയിച്ചു. കർഷകരെയും കരാർ തൊഴിലാളികളെയും ബിഹാറിലെ അധ്യാപകരെയും എൻഡിഎ വഞ്ചിക്കുകയാണെന്നും ആർജെഡി ട്വീറ്റിൽ പറഞ്ഞു.
അവസാനം ഫലം വന്ന എല്ലാ നിയോജകമണ്ഡലങ്ങളിലെയും തപാൽ ബാലറ്റ് വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ വിജയം നേടിയ എൻഡിഎ നിയമസഭാ നേതാക്കൾ ഞായറാഴ്ച യോഗം ചേർന്നിരുന്നു. തുടർച്ചയായ നാലാം തവണയും മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ പാർട്ടിയുടെ നേതാവായി എൻഡിഎ പ്രഖ്യാപിച്ചു. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ എൻഡിഎ 125 സീറ്റുകളുടെ ഭൂരിപക്ഷം നേടി. 70 സീറ്റുകളിൽ 19 എണ്ണം മാത്രമാണ് കോൺഗ്രസ് നേടിയത്.