ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയത്തില്‍ പുതു ചരിത്രമെഴുതി കോൺഗ്രസ് സർക്കാർ അധികാരമേല്‍ക്കുന്നു. കോൺഗ്രസിനെ ചരിത്രവിജയത്തിലേക്ക് നയിച്ച പിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡിയാകും മുഖ്യമന്ത്രിയാകുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് പറയുമെന്ന് തെലങ്കാന കോൺഗ്രസ് നേതൃത്വം അറിയിച്ചു.
നിലവിലെ പ്രതിപക്ഷ നേതാവ് ഭട്ടി വിക്രമാർക്ര, ദലിത് വനിത നേതാവ് സീതാക്ക എന്നറിയപ്പെടുന്ന ദനസാരി അനസൂയ, മുൻ പിസിസി പ്രസിഡന്‍റ് ഉത്തംകുമാർ റെഡ്ഡി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ നിയമസഭകക്ഷി യോഗത്തില്‍ രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. ഡിസംബർ ഒൻപതിന് എല്‍ബി നഗർ സ്റ്റേഡിയത്തിലാകും സത്യപ്രതിജ്ഞ എന്ന് വോട്ടെടുപ്പ് ദിവസം തന്നെ എ രേവന്ത് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ അതിനു മുൻപ് തന്നെ സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കാനാണ് കേന്ദ്ര നേതൃത്വം നിർദേശിച്ചത്. രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചാല്‍ ഉപമുഖ്യമന്ത്രി പദത്തിലേക്ക് ഭട്ടി വിക്രമാർക്ര, സീതാക്ക എന്നിവരെ പരിഗണിക്കണമെന്നാണ് തെലങ്കാന കോൺഗ്രസിലെ ഒരുവിഭാഗത്തിന്‍റെ ആവശ്യം.
ചർച്ചകളില്‍ മലയാളി സാന്നിധ്യം: എഐസിസി നിരീക്ഷകരായ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, മന്ത്രി കെജെ ജോർജ്, കെ മുരളീധരൻ എംപി, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി വിഷ്‌ണുനാഥ് എംഎല്‍എ എന്നിവരാണ് മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നല്‍കിയത്.
കെസിആറിനെ മലർത്തിയടിച്ച രേവന്ത്: കോടങ്കലില്‍ നിന്നുള്ള എംഎല്‍എയാണ് എ രേവന്ത് റെഡ്ഡി. 2018ല്‍ കോടങ്കലില്‍ പരാജയപ്പെട്ട രേവന്ത് അതിനു ശേഷം 2019ല്‍ നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ മല്‍ക്കാജ്‌ഗിരി മണ്ഡലത്തില്‍ നിന്ന് ജയിച്ച് ലോക്‌സഭയിലെത്തിയിരുന്നു. ഐക്യ ആന്ധ്രയുടെ കാലത്ത് നിന്ന് വിഭജിക്കപ്പെട്ട തെലങ്കാനയിലെത്തുമ്പോൾ ജനപിന്തുണ നഷ്‌ടമായ കോൺഗ്രസിനെയാണ് രണ്ട് വർഷം മുൻപ് വരെ കാണാനുണ്ടായിരുന്നത്.
ടിഡിപി വിട്ട് നാല് വർഷം മുൻപ് മാത്രം കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഡി പിസിസി അധ്യക്ഷനാകുമ്പോൾ കെസിആറിന്‍റെ നേതൃത്വത്തില്‍ സർവപ്രതാപത്തിലുള്ള ബിആർഎസിനും രാജ്യം ഭരിക്കുന്ന ബിജെപിക്കും പിന്നിലായിരുന്നു പാർട്ടിയുടെ സ്ഥാനം. എന്നാല്‍ പാർട്ടിയുടെ അടിത്തറ വരെയെത്തിയ ചിട്ടയായ സംഘടന പ്രവർത്തനമാണ് രേവന്ത് റെഡ്ഡി കോൺഗ്രസിന് നല്‍കിയത്. ബിആർഎസ് സർക്കാരിന് എതിരായ ജനവികാരം അനുകൂലമാക്കാൻ ബിജെപി ശ്രമിക്കും മുൻപേ രേവന്ത് റെഡ്ഡി ജോലി തുടങ്ങിയിരുന്നു.
ആദ്യം ഭാരത് ജോഡോ യാത്ര: ഒരാഴ്‌ചയ്ക്ക് മുകളില്‍ നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയിലെ പരമ്പരാഗത കോൺഗ്രസ് അണികളെ ഉൻമേഷവാൻമാരാക്കി. അതിന് ശേഷം പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർക നടത്തിയ പദയാത്ര ഗ്രാമീണ മേഖലകളില്‍ കെസിആർ സർക്കാരിന് എതിരായ ജനവികാരം ഉണർത്തി. അത് കഴിഞ്ഞയുടൻ രേവന്ത് റെഡ്ഡിയുടെ വിജയഭേരി യാത്ര കൂടിയായപ്പോൾ കോൺഗ്രസ് തെലങ്കാനയില്‍ അധികാരം ഉറപ്പിക്കുകയായിരുന്നു. അൻപത് ശതമാനത്തിലധികം വരുന്ന പിന്നാക്കക്കാരുടെ പ്രതിനിധികളായി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരെ മത്സരിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചത് അനുകൂല ഘടകമായി.
സത്യപ്രതിജ്ഞ കളറാകും: തെലങ്കാനയുടെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലെത്തുന്ന കോൺഗ്രസ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ വൻ സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ദേശീയ നേതാക്കളുടെ വൻ നിരതന്നെ സത്യപ്രതിജ്ഞയ്ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഡികെ ശിവകുമാർ എന്നിവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.
2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് തുടർച്ചയുണ്ടാകണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ തെലങ്കാനയിലെ ഏതെങ്കിലുമൊരു മണ്ഡലം നല്‍കണമെന്നും സംസ്ഥാന കോൺഗ്രസില്‍ നേരത്തെ തന്നെ അഭിപ്രായം ഉയർന്നിരുന്നു.