ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് കർഷകരുടെ ട്രാക്‌ടർ റാലിക്കിടയിലുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജമ്മുവിൽ നിന്നുള്ള കർഷക നേതാവിനെ ഡൽഹി പൊലീസ് കസ്‌റ്റഡിയിലെടുത്തു.ചാഥ സ്വദേശിയായ മോഹീന്ദർ സിംഗിനെയാണ് കസ്‌റ്റഡിയിലെടുത്തത്.ജമ്മു കശ്‌മീർ യുണൈറ്റഡ് കിസാൻ ഫ്രണ്ട് ചെയർമാനാണ്.
റിപ്പബ്ലിക് ദിനത്തിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ജമ്മുവിൽ നിന്ന് അറസ്‌റ്റിലാകുന്ന ആദ്യ വ്യക്തിയാണ് മോഹീന്ദർ സിംഗ്. തിങ്കളാഴ്‌ച കസ്‌റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലേക്ക് കൊണ്ടു വന്നു. അതേ സമയം മോഹീന്ദർ സിംഗ് നിരപരാധിയാണെന്നും ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ആക്രമണം നടന്നപ്പോൾ മോഹീന്ദർ സിംഗ് ചെങ്കോട്ടയിലല്ല ഡൽഹിയുടെ അതിർത്തിയിലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വ്യക്തമാക്കി. സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ടെന്നും അതിനാൽ ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലേക്ക് പോകുകയാണെന്നുമാണ് മോഹീന്ദർ സിംഗ് അറിയിച്ചത്. പിന്നീട് അദ്ദേഹത്തിന്‍റെ മൊബൈൽ ഫോൺ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്‌റ്റിലായ വിവരം അറിഞ്ഞതെന്നും അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞു.
പുതിയ കാർഷിക നിയമഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ കർഷക യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ട്രാക്‌ടർ റാലിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.