ന്യൂഡല്‍ഹി: 2014 മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആത്മഹത്യയില്‍ 2.35 ലക്ഷം പേരും ദിവസവേതന വരുമാനക്കാരെന്ന് റിപ്പോര്‍ട്ട്. അതില്‍ തമിഴ്‌നാട് 44,254, മഹാരാഷ്‌ട്ര 29,516, തെലങ്കാന 23,838, കേരളം 19,930, ഗുജറാത്ത് 17,908 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഇന്നലെ ലോക്സഭയെ അറിയിച്ചു.
2021വര്‍ഷത്തില്‍ പ്രതിദിനം ആത്മഹത്യ ചെയ്യുന്നത് 115 ദിവസ വേതനവരുമാനക്കാരും 63 വീട്ടമ്മാരുമാണ്. കഴിഞ്ഞ വര്‍ഷത്തിലെ ആകെ കണക്ക് പരിശോധിച്ചാല്‍ 42,004 ദിവസവരുമാനക്കാരും 23,179 വീട്ടമ്മമാരും ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിത്യാനന്ദ് റായി പറഞ്ഞു. കണക്കുകള്‍ പ്രകാരം 20,231 സ്വയം തൊഴിലാളികള്‍, 15,870 വേതനക്കാര്‍, 13,089 വിദ്യാര്‍ഥികള്‍, 12,055 സംരംഭകര്‍, 11431 സ്വകാര്യ മേഖയില്‍ ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ ആകെ 1,64,033 ആത്മഹത്യയില്‍ കാര്‍ഷിക മേഖലയില്‍ ഉള്‍പെട്ടിട്ടുള്ള 10,881 പേര്‍, കാര്‍ഷിക തൊഴിലാളികള്‍ 5,563 പേര്‍, 5,318 കര്‍ഷകര്‍, മറ്റ് തൊഴിലാളികളെ ആശ്രയിക്കാതെ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുന്ന 4, 806 പേര്‍, മറ്റ് തൊഴിലാളികളെ ആശ്രയിച്ചോ അല്ലാതെയോ മറ്റ് വ്യക്തികളുടെ ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന 512 പേര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷത്തെ കാര്‍ഷിക മേഖലയിലെ ആത്മഹത്യ. 2021 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 വര്‍ഷത്തില്‍ ആത്മഹത്യയില്‍ 6.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-ല്‍ ഇന്ത്യയൊട്ടാകെ രേഖപ്പെടുത്തിയ ആത്മഹത്യ നിരക്ക് 12 ശതമാനമാണ്. ആത്മഹത്യ നിരക്ക് പരിശോധിക്കുമ്പോള്‍ ആൻഡമാൻ നിക്കോബാര്‍ ദ്വീപാണ് മുന്നില്‍(39.7). തുടര്‍ന്ന് സിക്കിം(39.2), പുതുച്ചേരി(31.8), തെലങ്കാന(26.9), കേരളം(26.9) എന്നിങ്ങനെയാണ് കണക്കുകള്‍.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്‌ത സംസ്ഥാനം മഹാരാഷ്‌ട്രയാണ്(22,207). തൊട്ടടുത്ത പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നത് തമിഴ്‌നാട്(18,925), മധ്യപ്രദേശ്(14,965), പശ്ചിമ ബംഗാള്‍(13,500), കര്‍ണാടക(13,056) തുടങ്ങിയ സംസ്ഥാനങ്ങളാണ്. ഈ അഞ്ച് സംസ്ഥാനങ്ങളുടെയും ആകെ നിരക്ക് 50.4ശതമാനമാണ്.
അവശേഷിക്കുന്ന 49.6ശതമാനം മറ്റ് 23 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 16.9 ശതമാനം ജനസാന്ദ്രയുള്ള ഉത്തര്‍പ്രദേശിലാണ് 3.6ശതമാനത്തില്‍ ഏറ്റവും കുറവ് ആത്മഹത്യ രേഖപ്പെടുത്തിയിരിക്കുന്നത്.