ചെന്നൈ: ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് സമമാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ജസ്‌റ്റിസ് വി.എം വേലുമണി, എസ്. സൗന്ദർ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ സി.ശിവകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
2016-ല്‍ കുടുംബകോടതി വിവാഹ മോചനത്തിനുള്ള ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സി.ശിവകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരനുമായി അകന്ന് കഴിഞ്ഞ സാഹചര്യത്തില്‍ താലി മാല അഴിച്ചു മാറ്റിയിരുന്നുവെന്ന് ഭാര്യ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ താലി മാറ്റിയില്ലെന്നും, അതിലെ ചെയിന്‍ മാത്രമാണ് അഴിച്ചു മാറ്റിയതെന്നുമായിരുന്നു യുവതിയുടെ വിശദീകരണം.
താലി കെട്ടുന്നത് നിര്‍ബന്ധമില്ലെന്നും, യുവതി അത് നീക്കം ചെയ്‌താല്‍ തന്നെ അത് വിവാഹബന്ധത്തെ ബാധിക്കുന്ന കാര്യമല്ലെന്നും ഹിന്ദു മാരേജ് ആക്‌ടിലെ സെക്ഷൻ 7 പരാമർശിച്ച് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. വിവാഹ ചടങ്ങുകളിൽ താലി കെട്ടുന്നത് അനിവാര്യമായ ഒരു ചടങ്ങാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നുമാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്. യുവതി താലി ലോക്കറില്‍ സൂക്ഷിച്ചിരുന്നുവെന്ന മൊഴിയും കോടതി ചൂണ്ടിക്കാട്ടി.
വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് താലിക്കെട്ട്. ഭര്‍ത്താവിന്‍റെ മരണ ശേഷം മാത്രമായിരിക്കും അത് അഴിച്ചുമാറ്റുന്നത്. അതുകൊണ്ട് തന്നെ ഭര്‍ത്താവ് ജീവിച്ചിരിക്കെ താലി അഴിച്ചുമാറ്റുന്നത് ക്രൂരതയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
വിവാഹബന്ധം അവസാനിപ്പിക്കാൻ താലി നീക്കം ചെയ്‌താൽ മതിയെന്ന് ഞങ്ങൾ ഒരു നിമിഷം പോലും പറയുന്നില്ല. പക്ഷേ യുവതിയുടെ പ്രവര്‍ത്തി അവരുടെ ഉദ്ദേശങ്ങളെ തെളിയിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ശിവകുമാറിന്‍റെ ഭാര്യ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്ക് മുന്‍പിലും, വിദ്യാര്‍ഥികള്‍ക്കും, പൊലീസിന് മുന്നിലും പരസ്‌ത്രീ ബന്ധം ആരോപിച്ച് പരാതിക്കാരനെ ആക്ഷേപിക്കാന്‍ ശ്രമം ഉണ്ടായെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2011 മുതല്‍ ഇരുവരും അകന്ന് കഴിയുന്നവരാണ്. ഇക്കാലയളവില്‍ പ്രശ്‌ന പരിഹാരത്തിന് യുവതിയുടെ ഭാഗത്ത് നിന്നും നീക്കങ്ങളുണ്ടായില്ല. യുവതിയുടെ പ്രവര്‍ത്തികള്‍ അദ്ദേഹത്തെ മാനസികമായി വേദനിപ്പിക്കുന്നതും, അവഹേളിക്കുന്നതും ആണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിവകുമാറിന് വിവാഹമോചനം അനുവദിച്ചത്.