മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ഓക്സിജന്‍ വിതരണത്തിനൊരുങ്ങി റിലയന്‍സ്. സംസ്ഥാനത്തെ പല ആശുപത്രികളിലും റെംഡെസിവിർ, ഓക്സിജൻ വിതരണം, വെന്‍റിലേറ്റർ സേവനങ്ങൾ എന്നിവയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിലയന്‍സിന്‍റെ നീക്കം. ഗുജറാത്തിലെ ജമുന നഗര്‍ പ്ലാന്‍റ്സില്‍ ഉത്പാദിപ്പിച്ച ഓക്സിജനാണ് മഹാരാഷ്ട്രയിലേക്ക് വിതരണം ചെയ്യുന്നത്. വ്യാവസായിക ഓക്സിജനെ മെഡിക്കൽ ഉപയോഗ ഓക്സിജനായി പരിവർത്തനം ചെയ്തതിന് ശേഷം കൊവിഡ് രോഗികൾക്ക് നല്‍കും.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റിലയന്‍സ് ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് മഹാരാഷ്ട്രയില്‍ ഓക്സിജന്‍ വിതരണം നടത്താൻ സജ്ജീകരണം ഒരുക്കിയത്. താക്കറെയുടെ ആവശ്യം മുകേഷ് അംബാനി അംഗീകരിക്കുകയും 100 മെട്രിക് ടൺ ഓക്സിജൻ സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. മഹാരാഷ്ട്രയില്‍ നിരവധി കൊവിഡ് രോഗികളാണ് ഓക്സിജന്‍ ലഭിക്കാതെ മരണപ്പെടുന്നത്.