ന്യൂഡൽഹി : ഉള്ളിവിലയിലെ കുതിച്ചുചാട്ടം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സഹകരണ സ്ഥാപനമായ നാഫെഡിന്‍റെ (National Agricultural Cooperative Marketing Federation) സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാഫെഡിന്‍റെ കരുതൽ ശേഖരത്തിൽ നിന്ന് 20,000 ടൺ ഉള്ളി ഇന്ത്യയിലുടനീളം ഇറക്കിയതായി സര്‍ക്കാരിന്‍റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി, പട്‌ന, ലഖ്‌നൗ, ചണ്ഡിഗഡ്, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇവ ഇറക്കുമതി ചെയ്‌തത്. നാഫെഡ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർക്കാരിന് വേണ്ടി ഉള്ളി ബഫർ സ്റ്റോക്ക് (Buffer Stock) ചെയ്‌തിരുന്നു. 2022-23ൽ, ഓഗസ്‌റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവില്‍ ഉള്ളി വിലയിൽ ഉണ്ടായേക്കാവുന്ന കുതിച്ചുചാട്ടം നേരിടാന്‍ നാഫെഡ് 2.50 ലക്ഷം ടൺ ഉള്ളിയാണ് ആകെ ശേഖരിച്ചത്. സ്റ്റോക്കുചെയ്‌ത ഉള്ളി ഡിസംബർ വരെ ക്രമാനുഗതമായി വിതരണം ചെയ്യുമെന്നാണ് വിവരം.