സൂറത്ത് : തെലുങ്ക് ചിത്രം 'പുഷ്‌പ'യിലെ രക്തചന്ദന കടത്ത് നാം കണ്ടതാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ അത്തരമൊരു 'പുഷ്‌പരാജി'നെയും സംഘത്തെയും സൂറത്തിൽ നിന്ന് പിടികൂടിയിരിക്കുകയാണ് വനംവകുപ്പ്. 548 കിലോയിലധികം രക്തചന്ദനമാണ് സൂറത്ത് സ്വദേശിയായ കർഷകനിൽ നിന്നും വനംവകുപ്പും ആന്‍റി-ടെററിസം സ്‌ക്വാഡും (എടിഎസ്) പിടികൂടിയത്.
'പുഷ്‌പരാജ് സ്‌റ്റൈലിൽ' വിൽക്കാൻ ശ്രമിച്ചുവെങ്കിലും കർഷകനുൾപ്പെടെ മൂന്ന് പ്രതികളെ അധികൃതർ പിടികൂടുകയായിരുന്നു. പ്രതികളായ ധീരു അഹിർ, വിനു ഗോൾഡൻ, പ്രവീൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
സൂറത്തിലെ കുംഭാരിയ ഗ്രാമത്തിൽ നടത്തിയ സംയുക്ത പ്രവർത്തനത്തിലാണ് പ്രതികൾ കുടുങ്ങിയത്. എടിഎസ് നൽകുന്ന വിവരമനുസരിച്ച്, കുംഭാരിയ മേഖലയിലെ ഒരു വീട്ടിൽ കർഷകൻ രക്തചന്ദനം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നു. ഇതിനുപിന്നാലെ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.
വീടിന്റെ മുൻവശത്ത് നിന്നാണ് ചന്ദനം കണ്ടെത്തിയത്. പ്രദേശത്തെ ഒരു വീട്ടുപരിസരത്ത് നിന്നും ഇത്രയധികം രക്തചന്ദനം കണ്ടെത്തിയതിൽ നാട്ടുകാരും അമ്പരന്നിരിക്കുകയാണ്.
ALSO READ:ലൂഡോ കളി കാര്യമായി, ട്രെയിനില്‍ യാത്രക്കാര്‍ തമ്മില്‍ പൊരിഞ്ഞ അടി ; വീഡിയോ
തന്‍റെ പരിചയക്കാരന്‍റെ ഭൂമിയിലെ ചന്ദന മരങ്ങളിൽ നിന്നാണ് തടികൾ ശേഖരിച്ചതെന്ന് കർഷകൻ വെളിപ്പെടുത്തി. കിലോയ്‌ക്ക് 1600 രൂപയ്ക്കാണ് വിൽപന നടത്തുന്നതെന്നും ഇയാൾ പറയുന്നു. മൂന്ന് പ്രതികളെയും പൊലീസിന് കൈമാറി.
മുറിച്ചുമാറ്റിയ രക്തചന്ദനങ്ങൾ എവിടേക്കാണ് കടത്തുന്നതെന്ന് അന്വേഷിച്ച് വരികയാണെന്നും വിശദമായ പരിശോധനയില്‍ ഇതിനുപിന്നിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് അറിയിച്ചു.