അമരാവതി: വിജയനഗരം രാമതീർഥം ഗ്രാമത്തിലെ രാമക്ഷേത്രത്തിന്‍റെ പുനർനിർമാണം 2022 ജനുവരിയോടെ പൂർത്തിയാകുമെന്ന് ആന്ധ്ര എൻഡോവ്‌മെന്‍റ് മന്ത്രി വേലമ്പള്ളി ശ്രീനിവാസ റാവു അറിയിച്ചു. കുന്നിന് മുകളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ബുധനാഴ്‌ച രാവിലെ മന്ത്രി സന്ദർശനം നടത്തി. അഗമാ ശാസ്ത്രയിലെ ഋഷിമാരുടെയും പണ്ഡിതന്മാരുടെയും ഉപദേശപ്രകാരം ക്ഷേത്രം പുനർനിർമിക്കുകയാണെന്നും പ്രാർത്ഥന നടത്തിയ ശേഷം റാവു കൂട്ടിച്ചേർത്തു.
മൂന്ന് കോടി രൂപയാണ് ക്ഷേത്ര പുനർനിർമാണത്തിനുള്ള ചെലവ്. നിശ്ചിത സമയത്തിനുള്ളിൽ തന്നെ നിർമാണം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതൊരു ശിലാ നിർമിതിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ എല്ലാ ക്ഷേത്രങ്ങളിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അൾട്രാമോഡെൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ഡിസംബറിൽ 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ശ്രീകോവിലിൽ ശ്രീരാമന്‍റെ വിഗ്രഹം നശിപ്പിക്കപ്പെട്ടപ്പോൾ തന്നെ രാമതീർഥം വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. അതേസമയം ക്ഷേത്രത്തിന്‍റെ പുനർനിർമ്മാണത്തിനായി മൂന്ന് കോടി രൂപ അനുവദിക്കുന്നതായി സംസ്ഥാന സർക്കാർ ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ക്ഷേത്രത്തിന്‍റെ രൂപകൽപനയും മന്ത്രി ചൊവ്വാഴ്‌ച പുറത്തിറക്കി.
Also Read: ഭക്തിനിര്‍ഭരമായ 500 വര്‍ഷങ്ങള്‍ ; വിശ്വാസികളെ മാടിവിളിച്ച് ബിക്കാനേറിലെ നരസിംഹ ക്ഷേത്രങ്ങള്‍