ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വെങ്കിട്ടനാരായണ ഭട്ടി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരെ സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ബുധനാഴ്‌ച ശുപാർശ ചെയ്‌തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയമാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടേയും മുതിർന്ന ജഡ്‌ജിമാരുടേയും യോഗ്യത, സമഗ്രത, കഴിവ് എന്നിവ ശ്രദ്ധാപൂർവം വിലയിരുത്തിയ ശേഷമാണ് കൊളീജിയം ഈ രണ്ട് ചീഫ് ജസ്റ്റിസുമാരെയും ശുപാർശ ചെയ്‌തത്.
ജസ്റ്റിസുമാരായ എസ് കെ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരും കൊളീജിയത്തിലുണ്ട്. സുപ്രീം കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രമേയമനുസരിച്ച്, നിയമനത്തിന് അർഹരായ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടേയും മുതിർന്ന ജഡ്‌ജിമാരുടേയും പേരുകൾ കൊളീജിയം ചർച്ച ചെയ്യുകയുമുണ്ടായി.
'സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെടാനുള്ള പരിഗണനയിലുള്ള ജഡ്‌ജിമാർ പുറപ്പെടുവിച്ച വിധിന്യായങ്ങൾ കൊളീജിയം അംഗങ്ങൾ നേരത്തെ തന്നെ പരിശോധിച്ചിരുന്നു. കൊളീജിയത്തെ സഹായിക്കുന്നതിനായി സുപ്രീം കോടതിയുടെ റിസർച്ച് ആൻഡ് പ്ലാനിങ് സെന്‍റർ ഇതുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ ശേഖരിച്ച് ഒരു സമാഹാരം തയ്യാറാക്കിയിട്ടുണ്ട്' - പ്രമേയത്തിൽ പറയുന്നു.
അതേസമയം, 2013 ഏപ്രിൽ 12ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് എസ് വെങ്കിട്ടനാരായണ ഭട്ടി 2019 മാർച്ചിൽ കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. 2023 ജൂൺ ഒന്ന് മുതൽ കേരളത്തിൽ ചീഫ് ജസ്റ്റിസായി സേവനമനുഷ്‌ഠിച്ച് വരികയാണ് അദ്ദേഹം. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജഡ്‌ജിയായും തുടർന്ന് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും നിയമത്തിന്‍റെ വിവിധ ശാഖകളിൽ ഗണ്യമായ അനുഭവം നേടിയിട്ടുണ്ട് ജസ്റ്റിസ് ഭട്ടി.
ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ ഗുവാഹത്തി ഹൈക്കോടതിയിലെ ജഡ്‌ജിയായും തെലങ്കാന സംസ്ഥാനത്തിന്‍റെ ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2011 ഒക്‌ടോബർ 17നാണ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ ഗുവാഹത്തി ഹൈക്കോടതിയിലെ ജഡ്‌ജിയായി നിയമിതനാകുന്നത്. ഗുവാഹത്തി ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്‌ജിയായിരുന്ന അദ്ദേഹം നിലവിൽ 2022 ജൂൺ 28 മുതൽ തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി സേവനമനുഷ്‌ഠിച്ച് വരികയാണ്.
ലോവർ ജുഡീഷ്യൽ ഓഫിസർമാരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്‌ത് സുപ്രീം കോടതി: അടുത്തിടെയാണ് മാനനഷ്‌ടകേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്‌മുഖ് ഭായ് വർമ്മ (എച്ച് എച്ച് വർമ്മ) ഉൾപ്പെടെ 68 ഗുജറാത്ത് ലോവർ ജുഡീഷ്യൽ ഓഫിസർമാരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തത്. ജസ്റ്റിസുമാരായ എം ആർ ഷായും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ചിന്‍റേതായിരുന്നു ഉത്തരവ്. ഇവരുടെ സ്ഥാനക്കയറ്റപ്പട്ടിക ചോദ്യം ചെയ്‌ത് സീനിയർ സിവിൽ ജഡ്‌ജി കേഡറിലെ രണ്ട് ജുഡീഷ്യൽ ഓഫിസർമാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്.
2011ൽ ഭേദഗതി വരുത്തിയ ഗുജറാത്ത് സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ് റൂൾസ് 2005 അനുസരിച്ച്, മെറിറ്റ്-കം-സീനിയോറിറ്റി തത്വത്തിലും യോഗ്യത പരീക്ഷ പാസായതിന്‍റെയും അടിസ്ഥാനത്തിലായിരിക്കണം സ്ഥാനക്കയറ്റം നൽകേണ്ടതെന്നാണ് ജസ്റ്റിസുമാരായ എം ആർ ഷായും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്. ജില്ല ജഡ്‌ജിമാർക്ക് സ്ഥാനക്കയറ്റം അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും കോടതിയുടെ തീരുമാനത്തിന് വിരുദ്ധവുമാണെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
READ MORE: രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച ജഡ്‌ജി ഉൾപ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്‌ത് സുപ്രീം കോടതി