അമരാവതി : കേന്ദ്രസർക്കാർ അനുവദിച്ചാൽ വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് കൊവിഡ് വാക്സിൻ വാങ്ങാൻ സംസ്ഥാനം തയ്യാറാണെന്ന് ആന്ധ്രപ്രദേശ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സിംഗാള്‍. സ്പുട്നിക് V ഉൾപ്പെടെ ലഭ്യമായ ഏതെങ്കിലും വാക്സിൻ വാങ്ങും. ഇതിനായി ആഗോള ടെൻഡറുകളും വിളിക്കാമെന്നാണ് സർക്കാര്‍ നിലപാട്. പക്ഷേ കേന്ദ്രത്തിന്‍റെ അനുമതി വേണ്ടതുണ്ട്.
ആന്ധ്രയിൽ ഏതെങ്കിലും കമ്പനി വാക്സിൻ നിർമിക്കാൻ തയ്യാറാണെങ്കില്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ സന്നദ്ധമാണ്. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ പൂർത്തിയാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന നിർദേശം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയ്ക്ക് തത്തുല്യമായ നാല് കോടി ഡോസ് വാക്‌സിൻ വാങ്ങുന്നതിന് 1,600 കോടി രൂപ മുടക്കാനും സർക്കാർ തയ്യാറാണ്.
കൂടുതൽ വായനയ്‌ക്ക്: തെലങ്കാനയിലെ ലോക്ക്‌ഡൗണ്‍; തീരുമാനം ഇന്ന്
17 ലക്ഷം ഡോസ് വാക്സിനുകൾ വാങ്ങാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 648 ആശുപത്രികളിലെ കൊവിഡ് രോഗികൾക്ക് ആരോഗ്യശ്രീ പദ്ധതി പ്രകാരം സൗജന്യ ചികിത്സ നൽകി വരികയാണ്. ആരോഗ്യശ്രീ പദ്ധതി പ്രകാരം സേവനങ്ങൾക്കായി സംസ്ഥാന സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് പണമടയ്ക്കുന്നുണ്ട്. 6,803 ഐസിയു കിടക്കകളിൽ 6,247 എണ്ണവും 23,372 ഓക്സിജൻ കിടക്കകളിൽ 22,298 എണ്ണവും ലഭ്യമാണ്. കേന്ദ്രം ഇതുവരെ 73,49,960 ഡോസ് വാക്‌സിൻ നൽകി.
സംസ്ഥാനം ഇതുവരെ 73,00,463 ഡോസ് വാക്‌സിൻ ഉപയോഗിച്ചു. മെയ് 15നകം 10,96,614 പേർക്ക് രണ്ടാം ഡോസ് ആവശ്യമാണ്. സംസ്ഥാനത്തെ 17 ലക്ഷത്തിലധികം ആളുകൾക്ക് മെയ് 31നകം രണ്ടാം ഡോസ് വേണം. അതേസമയം ആന്ധ്ര ആംബുലൻസുകൾ ഹൈദരാബാദിലേക്ക് പോകുന്നത് അതിര്‍ത്തിയില്‍ നിർത്തിവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.