ശ്രീനഗർ : അക്‌തർ, ബ്രെറ്റ്‌ലീ, ഷെയ്‌ൻ ബോണ്ട്... ക്രിക്കറ്റ് പിച്ചുകളില്‍ വേഗം കൊണ്ട് ബാറ്റർമാരെ മാത്രമല്ല, ലോകത്തെ തന്നെ അമ്പരപ്പിച്ച ബൗളർമാരുടെ പേരുകൾ ഒരുപാടുണ്ട്. തുടർച്ചയായി 150 കിലോമീറ്ററിന് മുകളില്‍ പന്തെറിഞ്ഞിരുന്ന വിദേശ ബൗളർമാരെ കാണുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എന്നും അസൂയയായിരുന്നു.
എന്നാണ് ഒരു ഇന്ത്യൻ താരം 150 കിലോമീറ്ററിന് മുകളില്‍ പന്തെറിയുന്നതെന്ന് ചോദിച്ചും പറഞ്ഞും കാലം കടന്നുപോയി. അതിനിടെ ഉമേഷ് യാദവും ബുംറയും ഷമിയും വന്നു. ആരാധകരുടെ കാത്തിരിപ്പ് തുടരുന്നതിനിടെ അതാ വരുന്നു കശ്‌മീരില്‍ നിന്നൊരു താരം. പേര് ഉമ്രാൻ മാലിക്. മിന്നല്‍ മാലിക്കെന്ന് ആരാധകർ വിളിക്കുന്ന ഉമ്രാൻ മാലിക്കിന്‍റെ കഥയില്‍ ഒരച്ഛന്‍റെ അതിയായ ആഗ്രഹവും ക്രിക്കറ്റിനോടുള്ള മകന്‍റെ അടങ്ങാത്ത അഭിനിവേശവുമുണ്ട്.
157 കിലോമീറ്ററിലധികം വേഗതയില്‍ പന്തെറിയുന്ന ഉമ്രാൻ മാലിക് തന്നെയാണ് ഈ ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരെ സൃഷ്‌ടിച്ച താരം. ഒടുവില്‍ മകന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വിളിയെത്തുമ്പോൾ അച്ഛൻ അബ്‌ദുൾ റാഷിദ് ജമ്മു കശ്‌മീരിലെ ഗുജ്ജു നഗറിൽ തന്‍റെ പഴക്കടയില്‍ ജോലിത്തിരക്കിലാണ്. ഇനി മുതല്‍ ഈ പഴക്കട ഉമ്രാൻ മാലിക്കിന്‍റെ പിതാവിന്‍റെ കട എന്നാണ് അറിയപ്പെടണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.
കടം വാങ്ങിയ ഷൂസുമായി ജമ്മു കശ്‌മീരിലെ അണ്ടർ 19 ടീമിന്‍റെ സെലക്‌ഷൻ ട്രയൽസിന് പോയ മകൻ തീ തുപ്പുന്ന പന്തുകളുമായി ലോക താരങ്ങളെ വിറപ്പിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഈ അച്ഛൻ. ക്രിക്കറ്റിലെ ലൈനും ലെങ്‌തും സ്വിങും എല്ലാം ഈ കശ്‌മീർ എക്‌സ്‌പ്രസിന്‍റെ വേഗത്തിനുമുന്നില്‍ തലകുനിക്കും.
സണ്‍റൈസേഴ്‌സ് ടീമിന്‍റെ നെറ്റ് ബോളറില്‍ നിന്ന് തുടങ്ങിയ അതിവേഗ യാത്ര ഉമ്രാൻ അവസാനിപ്പിക്കുന്നില്ല. വേഗം കൊണ്ട് അയാൾ ക്രിക്കറ്റ് ലോകം കീഴടക്കട്ടെ.