ന്യൂഡല്‍ഹി: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റിപ്പോ നിരക്ക് നിലവിലുള്ള 6.5 ശതമാനമായി തന്നെ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്‌ഠമായി തീരുമാനിക്കുകയായിരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞതോടെയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് തുടരാന്‍ തീരുമാനിച്ചത്.
മൂന്നു ദിവസമായി നടന്നുവന്നിരുന്ന ആര്‍ബിഐയുടെ എംപിസി കമ്മിറ്റി യോഗം പൂര്‍ത്തിയായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ വായ്‌പ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്കില്‍ മാറ്റം ഇല്ലാത്തതിനാല്‍ സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25 ശതമാനമായി തുടരുമെന്നും മാർജിനൽ സ്റ്റാൻഡിങ് സൗകര്യവും ബാങ്ക് നിരക്കുകളും 6.75 ശതമാനമായി തുടരുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.5 ശതമാനം റിപ്പോ നിരക്ക് ആര്‍ബിഐ വര്‍ധിപ്പിച്ചിരുന്നു. 2023 ഏപ്രിലില്‍ നടന്ന അവലോകനത്തിന് പിന്നാലെ റിപ്പോ നിരക്ക് ക്രമാനുഗതമായി വര്‍ധിപ്പിച്ചിരുന്ന നടപടി അവസാനിപ്പിക്കാനും റിപ്പോ നിരക്ക് 6.5 ല്‍ തന്നെ നിലനിര്‍ത്താനും ആര്‍ബിഐ തീരുമാനിച്ചിരുന്നു. ഏപ്രിലില്‍ ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്) 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ (4.7 ശതമാനം) ആയിരുന്നു. മാര്‍ച്ചില്‍ 5.7 ശതമാനമായിരുന്ന നിരക്കാണ് ഏപ്രില്‍ എത്തിയപ്പോഴേക്ക് കുറഞ്ഞ് 4.7 ശതമാനം ആയത്. മെയിലെ നിരക്ക് 4.7 ശതമാനത്തിലും കുറയാനാണ് സാധ്ത എന്നാണ് വിലയിരുത്തല്‍. ജൂണ്‍ 12നാണ് മെയിലെ ഉപഭോക്തൃ വില സൂചിക സംബന്ധിച്ച വിവരങ്ങള്‍ ആര്‍ബിഐ പുറത്തു വിടുക.
എന്താണ് റിപ്പോ നിരക്ക്: റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് വായ്‌പ നല്‍കുന്നതിലെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറയ്‌ക്കുന്നതിലൂടെ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്‌പ ലഭിക്കും. സാധാരണക്കാരനും റിപ്പോ നിരക്ക് കുറയുന്നത് ഉപകാരപ്രദമാണ്. കാരണം കുറഞ്ഞ പലിശയില്‍ ബാങ്കുകള്‍ക്ക് വായ്‌പ ലഭിക്കുമ്പോള്‍ ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്കും വായ്‌പകള്‍ നല്‍കും.
അതേസമയം, 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ആര്‍ബിഐ നടപടിക്കെതിരെ വന്‍തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. ഇക്കഴിഞ്ഞ മെയിലാണ് 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. കറൻസി മാനേജ്‌മെന്‍റ് പദ്ധതിയുടെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്നും അതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ബാങ്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രതികരിച്ചിരുന്നു.
നോട്ട് നിരോധന സമയത്ത് സമ്പദ്‌വ്യവസ്ഥയിലെ കറന്‍സി ക്ഷാമം ഇല്ലാതാക്കാനാണ് അതേവര്‍ഷം നവംബറില്‍ തന്നെ 2000 രൂപ നോട്ട് അവതരിപ്പിച്ചത് എന്നാണ് ആര്‍ബിഐയുടെ വിശദീകരണം. നിലവില്‍ ആ ലക്ഷ്യം കൈവരിച്ചു എന്നതും കൂടാതെ മറ്റ് മൂല്യത്തിലുള്ള കറന്‍സി നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നുമുണ്ട് എന്നതും കണക്കിലെടുത്താണ് 2000 രൂപ നോട്ട് തിരിച്ചെടുക്കുന്നത്. നിലവില്‍ 2000 രൂപ നോട്ടുകള്‍ ഇടപാടുകളില്‍ ഉപയോഗിക്കുന്നത് തുടരാം. എന്നാല്‍ 2023 സെപ്‌റ്റംബറിന് മുമ്പായി നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ വേണം.