പൂനെ : മുപ്പത് വര്‍ഷത്തോളം ബിജെപി കോട്ടയായിരുന്ന മഹാരാഷ്‌ട്രയിലെ കസബ പിടിച്ചെടുത്ത് കോണ്‍ഗ്രസ്. നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഹേമന്ത് റസാനയെ പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രവീന്ദ്ര ധന്‍ഗേകറാണ് ചരിത്ര നേട്ടം കൊയ്‌തത്. 11,040ല്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
ധന്‍ഗേകറിന് ആകെ ലഭിച്ചത് 72,599 വോട്ടുകള്‍. എന്നാല്‍, 61,771 വോട്ട് മാത്രമാണ് എതിര്‍ സ്ഥാനാര്‍ഥിയായ ഹേമന്ത് റസാനയ്‌ക്ക് നേടാനായത്. എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിലെ പോസ്‌റ്റല്‍ വോട്ട് തിട്ടപ്പെടുത്തല്‍ മുതല്‍ ധന്‍ഗേകറാണ് മുന്നിട്ടുനിന്നത്.
ബിജെപി സ്ഥാനാര്‍ഥിയ്‌ക്ക് ഒരു ഘട്ടത്തിലും അദ്ദേഹത്തെ പിന്നിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നത് കോണ്‍ഗ്രസിന് ഇരട്ടി മധുരം നല്‍കുന്നു. അതേസമയം, ചിഞ്ച്വാഡി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അശ്വിനി ജഗ്‌താപ് എന്‍സിപിയുടെ നാന കെയിറ്റ്, സ്വതന്ത്ര സ്ഥാനാര്‍ഥിയായ രാഹുല്‍ കലാറ്റെ എന്നിവരെ പിന്തള്ളിക്കൊണ്ട് 35,289 വോട്ടുകള്‍ക്ക് വിജയിച്ചിരിക്കുകയാണ്. ബിജെപി എംഎല്‍എയായിരുന്ന മുക്ത തിലകിന്‍റെ മരണത്തെ തുടര്‍ന്നാണ് കസബ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
തിലക് കുടുംബത്തില്‍ നിന്ന് തന്നെ ഒരു സ്ഥാനാര്‍ഥിയായിരിക്കും ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കാന്‍ എത്തുക എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇതിന് വിരുദ്ധമായി ഹേമന്ത് റസാനയെ ബിജെപി, സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹേമന്ത് റസാനയുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള ബ്രാഹ്മണ സമുദായത്തിലെ അംഗങ്ങളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത് എന്നത് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാണ്.
ഹേമന്ത് റസാനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിരവധി കാബിനറ്റ് മന്ത്രിമാര്‍, ശിവസേന - ഷിന്‍ഡെ പക്ഷം എംഎല്‍എമാര്‍, എംപിമാര്‍, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരും സജീവമായി പങ്കെടുത്തിരുന്നു. എന്നിരുന്നാലും, വോട്ടമാര്‍ ബിജെപിയെ അവഗണിച്ചുവെന്നത് ഫലത്തില്‍ പ്രകടമാണ്. പ്രചരണത്തിന് മഹാവികാസ് അഘാഡി ശക്തമായി രംഗത്തുണ്ടായിരുന്നു.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ എന്‍സിപി നേതാവ് അജിത് പവാര്‍, ശിവസേന ഉദ്ധവ് പക്ഷ നേതാവ് ആദിത്യ താക്കറെ തുടങ്ങിയവരും ധന്‍ഗേകറിനായി പ്രചാരണത്തില്‍ പങ്കുചേര്‍ന്നിരുന്നു.